|    Oct 29 Sat, 2016 5:12 am
FLASH NEWS

തമിഴ് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസ്: മുഖ്യപ്രതികള്‍ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്

Published : 19th July 2016 | Posted By: sdq

കൊച്ചി: കളമശ്ശേരിക്കു സമീപം തമിഴ് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ മുഖ്യപ്രതികള്‍ക്ക് ജീവിതാവസാനം വരെ കഠിന തടവ്. കങ്ങരപ്പടി തേവക്കല്‍ വികെ സി കോളനിയില്‍ പറക്കാട്ട് വീട്ടില്‍ അതുല്‍ പി ദിവാകരന്‍ (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനു എന്ന മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ മസ്താന്‍ നിയാസ് എന്ന നിയാസ് (30) എന്നിവര്‍ക്കാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ജീവിതാവസാനം വരെ കഠിനതടവ് വിധിച്ചത്. എല്ലാ പ്രതികളും 55,000 രൂപ വീതം പിഴ നല്‍കണമെന്നും കോടതി വിധിച്ചു.
കുറ്റകൃത്യത്തിനു ശേഷം പ്രതികളെ സഹായിച്ചതിനു പഴന്തോട്ടം കുറുപ്പശ്ശേരി വീട്ടില്‍ കെ വി ബിനീഷ് (33), ഭാര്യ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന്‍ (36) എന്നിവര്‍ക്കു മൂന്നു വര്‍ഷം വീതം കഠിനതടവും വിധിച്ചു. 2015 ഫെബ്രുവരി 14നാണ് ഇടപ്പള്ളി ടോളിന് സമീപത്തുനിന്ന് കാടുവെട്ടിത്തെളിക്കാനെന്ന് വിശ്വസിപ്പിച്ച് യുവതിയെയും പ്രായമായ മറ്റൊരു സ്ത്രീയെയും അതുലും അനീഷും ചേര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഓട്ടോ ഉണിച്ചിറ ഭാഗത്തത്തെിയപ്പോള്‍ മനോജും നിയാസും കൂടി ഓട്ടോയില്‍ കയറി. കളമശ്ശരി മെഡിക്കല്‍ കോളജിന് സമീപം സൈബര്‍ സിറ്റിക്കായി എടുത്ത കാടുപിടിച്ച സ്ഥലത്തെത്തിയപ്പോള്‍ ഇവിടുത്തെ കാട് വെട്ടിതെളിക്കാന്‍ നിര്‍ദേശിച്ചു. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈലും മോഷ്ടിച്ച പ്രതികള്‍ വന്ന ഓട്ടോയില്‍ തന്നെ രക്ഷപ്പെട്ടു. പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കളമശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതിനുമാണ് കേസിലെ അഞ്ചും ആറും പ്രതികളായ ബിനീഷ്, ജാസ്മിന്‍ എന്നിവരെ അറസ്റ്റ്‌ചെയ്തത്.
തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, കളമശ്ശേരി സിഐ സി ജെ മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പീഡനത്തിനിരയായ യുവതിയെ അടക്കം വിസ്തരിച്ചാണ് കോടതി പ്രതികളുടെ കുറ്റകൃത്യം തെളിയിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ബി സന്ധ്യാ ഭാസി, അഡ്വ. ടി എം നിനിത ഹാജരായി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, കവര്‍ച്ചക്കായി മാരക മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും അഞ്ചാംപ്രതിക്കെതിരേ മറ്റ് പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനും ആറാം പ്രതിക്കെതിരേ ഒളിവില്‍ താമസിപ്പിച്ചെന്നതിനൊപ്പം മോഷണ മുതല്‍ കൈവശപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയാണു ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവു ശിക്ഷ പ്രതികള്‍ മരണംവരെ അനുഭവിക്കണമെന്നു വിധിന്യായത്തില്‍ ജഡ്ജി പ്രത്യേകം രേഖപ്പെടുത്തി. ഇരയായ യുവതിക്കു ന്യായമായ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day