|    Oct 25 Tue, 2016 10:50 pm
FLASH NEWS

തമിഴ്‌നാട്ടില്‍നിന്നു കീടനാശിനികള്‍ യഥേഷ്ടം ജില്ലയിലെത്തുന്നു

Published : 14th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയിലെ തോട്ടംമേഖലകളിലേക്ക് കീടനാശിനികള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന്. ഫ്യൂരിഡാന്‍, ഫോറേറ്റ്, എക്കാലക്‌സ് തുടങ്ങി വീര്യം കൂടിയ കീടനാശിനികള്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ഇതിനു നിരോധനമില്ല. ഏലത്തോട്ടങ്ങളിലേക്കും തേയിലത്തോട്ടങ്ങളിലേക്കുമാണ് വീര്യം കൂടിയ കീടനാശിനികള്‍ തമിഴ്‌നാട്ടിലേക്ക് എത്തുന്നത്. മുമ്പ് ജില്ലയില്‍ ചെറുകിട കര്‍ഷകര്‍ പോലും ഇത്തരം കീടനാശിനികള്‍ സാര്‍വത്രികമായി ഉപയോഗിച്ചിരുന്നു. ഇഞ്ചി വിത്ത് എക്കാലക്‌സില്‍ മുക്കിയേ നടാന്‍ പാടുള്ളൂവെന്ന അലിഖിത നിയമം തന്നെ ഉണ്ടായതു കീടനാശിനി കമ്പനികള്‍ക്ക് വേണ്ടിയായിരുന്നു. എക്കാലക്‌സിനേക്കാള്‍ വീര്യം കൂടിയ കീടനാശിനികള്‍ വിപണിയിലെത്തിയപ്പോള്‍ കര്‍ഷകര്‍ അവയുടെയും ഗുണഭോക്താക്കളായി. അങ്ങനെയാണ് എല്ലാ കൃഷികള്‍ക്കും ഫ്യൂരിഡാനും തിമറ്റും ഫോറേറ്റും മറ്റും അനുപേക്ഷണീയമായത്. മനുഷ്യര്‍ക്കും മണ്ണിനും സസ്യങ്ങള്‍ക്കുമെല്ലാം ദോഷമുണ്ടാക്കുന്ന ഇത്തരം കീടനാശിനികള്‍ നിയന്ത്രിക്കാനുള്ള ഇടപെടല്‍ കൃഷിവകുപ്പ് ഒരുഘട്ടത്തിലും നടത്തിയിരുന്നില്ല. ഓരോ കീടനാശിനിയും എത്രലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തണമെന്നും എങ്ങനെ പ്രയോഗിക്കണമെന്നുമെല്ലാം കര്‍ഷകര്‍ക്ക് വിവരിച്ചുകൊടുക്കുന്നതും കച്ചവടക്കാര്‍ തന്നെയാണ്. സാധാരണ കര്‍ഷകര്‍ക്ക് ഇതേക്കുറിച്ച് ഇപ്പോഴും കാര്യമായ ഗ്രാഹ്യമില്ല. തോട്ടവിളകള്‍ തുടങ്ങി, ഹ്രസ്വകാല പച്ചക്കറികളില്‍ വരെ ഇത്തരം കീടനാശിനികളുടെ പ്രയോഗം വ്യാപകമാണ്. ജൈവ കൃഷിയിടങ്ങളില്‍ പോലും നേരത്തെ പ്രയോഗിച്ച കീടനാശിനിയുടെയും രാസവളങ്ങളുടെയും അംശം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉല്‍പാദനക്കുറവ് നേരിടുന്നതിനാല്‍ സാധാരണക്കാര്‍ ജൈവരീതിയിലേക്ക് തിരിയാന്‍ മടിക്കുകയാണിപ്പോഴും. നെല്‍വയലുകള്‍ കൂടുതലായി നേന്ത്രവാഴ കൃഷിക്കായി വഴിമാറിയതോടെയാണ് വയനാട്ടില്‍ ഇവയുടെ ഉപയോഗത്തിലും വര്‍ധന രേഖപ്പെടുത്തിയത്. ഇപ്പോള്‍ ജില്ലയിലെ മൊത്തം നെല്‍വയലില്‍ പകുതിയോളം നേന്ത്രവാഴ കൃഷിയാണ്. വയനാട്ടുകാര്‍ കര്‍ണാടകയിലെ കുടക്, ഷിമോഗ ജില്ലകളിലേക്ക് ഇഞ്ചികൃഷി വ്യാപിപ്പിച്ചപ്പോള്‍ അവിടെയും ഫ്യൂരിഡാന്‍, ഫോറേറ്റ്, തിമറ്റ് തുടങ്ങിയ കീടനാശികളുടെ ഉപയോഗം വ്യാപിച്ചു. നെല്‍വയലുകളില്‍ തന്നെ ചെയ്യുന്ന പയര്‍, പാവല്‍ കൃഷികള്‍ക്കും വലിയ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നു. തേയിലത്തോട്ടങ്ങളിലെ വീര്യംകൂടിയ കീടനാശിനി പ്രയോഗം നേരത്തെ മുതല്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. നേന്ത്രവാഴ കൃഷിയില്‍ പ്രയോഗിക്കുന്ന രാസവളങ്ങളുടെയും മാരക കീടനാശിനികളുടെയും വിവരങ്ങള്‍ മറ്റ് ജില്ലകളിലെ വിപണന കേന്ദ്രങ്ങളില്‍ എത്തിയത് ഒരു ഘട്ടത്തില്‍ വയനാടന്‍ നേന്ത്രക്കായക്ക് ഡിമാന്റ് ഇടിയാന്‍ പോലും കാരണമായതാണ്. വീര്യം കൂടിയ കീടനാശിനികള്‍ക്കും കുമിള്‍-കളനാശിനികള്‍ക്കുമെല്ലാം വിലക്കുണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ലാത്തത് കച്ചവടലോബിക്ക് സൗകര്യമാവുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day