|    Dec 9 Fri, 2016 5:28 am
FLASH NEWS

തമിഴ്‌നാട്ടിലും കേരളം കശുമാവ് കൃഷിക്ക് പദ്ധതിയൊരുക്കുന്നു

Published : 28th November 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: തമിഴ്‌നാട്ടിലും കേരളം കശുമാവ് കൃഷി ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. കേരള കാഷ്യൂ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതിയുമായി രംഗത്തുള്ളത്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലും കുറ്റാലത്തുമാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ടയില്‍ കേരള വനംവകുപ്പിന്റെ 12 ഏക്കര്‍ ഭൂമിയില്‍ കശുമാവ് കൃഷി ചെയ്യാന്‍ കാഷ്യൂ കോര്‍പറേഷന്‍ സര്‍ക്കാരിന്റെ അനുമതി തേടി ഉടന്‍ കത്തു നല്‍കും.
തടി ഡിപ്പോയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന സ്ഥലം കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. പതിറ്റാണ്ടുകളായി കാടുപിടിച്ചു കിടക്കുകയാണ് ചെങ്കോട്ടയിലെ പെരിയപിള്ളൈ വളസൈ പഞ്ചായത്തിലെ കേരള വനം വകുപ്പിന്റെ 12 ഏക്കറോളം ഭൂമി.  ഇവിടെ 500ലധികം മരങ്ങളുണ്ടെങ്കിലും ഫലവൃക്ഷങ്ങള്‍ കുറവാണ്. ഇക്കൂട്ടത്തില്‍ 40ഓളം കശുമാവും ഉണ്ട്. ഇവിടെ കശുമാവ് കൃഷി ഫലപ്രദമായി ചെയ്യാനാവുമെന്ന വിലയിരുത്തലിലാണ് കാഷ്യൂ കോര്‍പറേഷന്‍. ഇതിന് പുറമെ കുറ്റാലം കൊട്ടാരത്തിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ 55.60 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ കെട്ടിടങ്ങള്‍ ഒഴിച്ചുള്ള ഭാഗത്തെ തരിശുഭൂമിയില്‍ കൃഷി ഒരുക്കാനാണ് ആലോചന. പെരിയപിള്ളൈ വളസൈയിലെ ഭൂമി വനംവകുപ്പിന്റെ അധീനതയിലായതിനാല്‍ വനം മന്ത്രി രാജുവുമായി ബന്ധപ്പെട്ട് കാഷ്യൂ കോര്‍പറേഷന്‍ സഹകരണം തേടിയിട്ടുണ്ട്.
അതേസമയം, പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള തെങ്കാശി താലൂക്കിലെ കുറ്റാലം കൊട്ടാരം സ്ഥിതിചെയ്യുന്ന 55.60 ഏക്കര്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്മുറക്കാര്‍ ഈ ഭൂമിക്ക് മേല്‍ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പിന്മുറക്കാരും കേരള, തമിഴ്‌നാട് സര്‍ക്കാരുകളും കക്ഷികളായ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനാല്‍ ഇവിടെ കശുമാവ് കൃഷിക്ക് നിരവധി കടമ്പകള്‍ കടക്കേണ്ടതായിവരും.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ വിളവ് അല്‍പ്പകാലത്തിനുള്ളില്‍ നല്‍കുന്ന പുതിയ ഇനം ബ്രീഡ് കശുമാവ് തൈകള്‍ നടാനാണ് ആലോചിക്കുന്നതെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. രണ്ടുലക്ഷത്തോളം തൈകള്‍ കൊട്ടിയത്തെ കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ നേരിടുന്ന തോട്ടണ്ടി ലഭ്യതക്കുറവ് പരിഹരിക്കാന്‍ നേരത്തേ ആന്ധ്രയില്‍ കശുമാവ് കൃഷി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. 700 കോടിയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്തയച്ചു. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം ഗ്രാമങ്ങളില്‍ തരിശുകിടക്കുന്ന 50,000 ഹെക്ടര്‍ സ്ഥലം 99 വര്‍ഷത്തേക്ക് കേരളം പാട്ടത്തിനെടുത്ത് കശുമാവ് തൈകള്‍ നടാനാണ് പദ്ധതി. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തോട്ടണ്ടി കേരളത്തിലെ ഫാക്ടറികളിലേക്ക് എത്തിക്കും. ആന്ധ്രയ്ക്കും കേരളത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിക്ക് 200 കോടി രൂപ ആദ്യഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ് വഴി കേന്ദ്ര സഹായം ലഭ്യമാക്കും. ഒഡീഷയിലും കശുമാവ് കൃഷി നടത്താനുള്ള സാധ്യത കേരളം പരിശോധിക്കുന്നുണ്ട്. തോട്ടണ്ടി ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഫാക്ടറികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യവസായത്തിന് ആവശ്യമായതിന്റെ പത്തുശതമാനം മാത്രമാണ്  ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day