|    Oct 26 Wed, 2016 1:03 pm

തനിയാവര്‍ത്തനം; അനാഥമായി രമിത്തിന്റെ കുടുംബം

Published : 13th October 2016 | Posted By: Abbasali tf

തലശ്ശേരി: പിതാവിന് പിന്നാലെ മകനും വിദ്വേഷരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായതോടെ ഈ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് സഹോദരിയും വൃദ്ധയായ ഒരമ്മയും മാത്രം. അത്യപൂര്‍വ ദുരന്തമാണ് ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകത്തിലൂടെ കൊല്ലനാണ്ടി കുടുംബത്തിനു സംഭവിച്ചത്. 2002ല്‍ രമിത്തിന്റെ പിതാവും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉത്തമനെ അദ്ദേഹമോടിച്ചിരുന്ന ബസ് തടഞ്ഞുനിര്‍ത്തി ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. വിലാപയാത്രക്ക് നേരെയുണ്ടായ ബോംബേറില്‍ ഉത്തമന്റെ ബന്ധുവായ 70 വയസ്സുകാരിയായ അമ്മുഅമ്മയ്ക്കും ജീപ്പ് ഡ്രൈവറായ ഷിഹാബിനും ജീവന്‍ നഷ്ടപ്പെട്ടു. പിതാവിന്റെ ദാരുണാന്ത്യത്തിനു ശേഷം രമിത്തിന്റെ കുടുംബം ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുകയുണ്ടായി. ടാക്‌സി ഡ്രൈവറായും വീഡിയോ ചിത്രീകരണത്തിനുള്ള ലൈറ്റുകള്‍ ക്രമീകരിക്കുന്ന ജീവനക്കാരനായും ജോലിചെയ്തു വരികയായിരുന്നു. സഹോദരി രമിഷയുടെ മകള്‍ക്ക് മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്നുവാങ്ങാന്‍ പിണറായി ഓലയമ്പലം പെട്രോള്‍പമ്പിന് സമീപത്തെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു വരവെയാണ് പതിയിരുന്ന അക്രമിസംഘം രമിത്തിനെ തലങ്ങും വിലങ്ങും വെട്ടിയത്. പ്രാണരക്ഷാര്‍ഥം അല്‍പം ദൂരം ഓടിയെങ്കിലും സമീപത്തെ കുറ്റിക്കാട്ടില്‍ തളര്‍ന്നുവീണു. ഇത്തരം അരുംകൊലകള്‍ സംഘപരിവാരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കോടിയേരി പാറാലിലെ സിപിഎം പ്രവര്‍ത്തകനും മല്‍സ്യത്തൊഴിലാളിയുമായിരുന്ന ദാസനെ സൈക്കളില്‍ മീന്‍ വില്‍ക്കവെയാണ് ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ദാസന്റെ കുടുംബം അനാഥമായി. പിണറായിലെ മല്‍സ്യവില്‍പനക്കാരനായ അശ്‌റഫിനെയും ആര്‍എസ്എസ് സംഘം സമാനരീതിയില്‍ അരിഞ്ഞുവീഴ്ത്തി. 2014ലായിരുന്നു സംഭവം. ഇതിനുള്ള പ്രതികാരമെന്നോണം തലശ്ശേരി എന്‍സിസി റോഡില്‍ ഓട്ടോറിക്ഷ തൊഴിലാളി രഞ്ജിത് കൊല്ലപ്പെട്ടു. കൊളശ്ശേരിയിലെ ടാക്‌സി ഡ്രൈവറായ സുധീര്‍ വധിക്കപ്പെട്ടതും കുടുംബം അനാഥമാകാന്‍ കാരണമായി. എംഎം റോഡിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റേതായിരുന്നു തലശ്ശേരിയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. അന്നു ആരംഭിച്ച അറുകൊല രാഷ്ട്രീയം ഇന്നും അനുസ്യൂതമായി തുടരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day