|    Oct 27 Thu, 2016 12:28 pm
FLASH NEWS

തനിക്കു സീറ്റിനുവേണ്ടി ഇനി നേതാക്കളാരും ബുദ്ധിമുട്ടേണ്ടതില്ല: പി മോഹന്‍രാജ്

Published : 5th April 2016 | Posted By: SMR

പത്തനംതിട്ട: വെട്ടിനിരത്തപ്പെട്ടവരുടെ പട്ടികയില്‍ ഒരിക്കല്‍കൂടി ഇടം പിടിക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ പി മോഹന്‍രാജിന്റെ പേര്. ആരോപണ വിധേയര്‍മാറി നില്‍ക്കേണ്ടി വരുമെന്ന ഘട്ടത്തില്‍ കോന്നിയില്‍ നിന്നു മല്‍സരിക്കുന്നതിന് കളമൊരുങ്ങുമെന്നും പി മോഹന്‍രാജ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ച അവസാനിച്ചപ്പോള്‍ വീണ്ടും മാനം പോയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയിലാണ് പി മോഹന്‍രാജ് ഇടം പിടിച്ചത്. ഇതിനോടൊപ്പം റാന്നി സീറ്റില്‍ അവസാനം വരെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റൊരു ഡിസിസി നേതാവ് അഡ്വ. കെ ജയവര്‍മ്മയും.
2001 മുതല്‍ ഓരോ സീറ്റുകളിലേക്ക് പറഞ്ഞു കേട്ടാണ് പേരാണ് പി മോഹന്‍രാജിന്റേത്. അന്നൊക്കെ കപ്പിനും ചുണ്ടിനുമിടയില്‍ വഴുതി. ഇക്കുറി അവസാന നിമിഷം വരെ കോന്നിയില്‍ സീറ്റ് ഉറപ്പിച്ചു പ്രചാരണത്തിനൊരുങ്ങിയിരുന്ന മോഹന്‍രാജിന് നിര്‍ദാക്ഷിണ്യം വെട്ടിയാണ് അടൂര്‍ പ്രകാശ് തുടര്‍ച്ചയായ അഞ്ചാം തവണയും ഇവിടെ മത്സരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പട്ടികയില്‍ വെട്ടാനുളള പേരായി മാത്രം മാറിയ മോഹന്‍രാജ് നിരാശ മറച്ചു വയ്ക്കുന്നില്ല. ‘ഇനി ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ പോകില്ല. എനിക്ക് സീറ്റ് ഒപ്പിച്ചു തരാന്‍ വേണ്ടി ഒരു നേതാവും ഇനി ബുദ്ധിമുട്ടേണ്ടതില്ല. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ ശിരസാ വഹിച്ച് അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരും. 2001 മുതല്‍ തന്നെ സീറ്റിനായി പരിഗണിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സീറ്റുണ്ടെന്ന് പറയും.
വേഷം കെട്ടി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ ആവോളം പരിഹാസ്യനായി. ഇനി ആര്‍ക്കും മുന്നില്‍ നാണം കെടാനില്ല. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ അംഗീകരിക്കുമെന്നും മോഹന്‍രാജ് പറഞ്ഞു. 2001 ല്‍ പത്തനംതിട്ട സീറ്റുറപ്പിച്ച് പോസ്റ്റര്‍ പ്രചാരണവും മോഹന്‍രാജ് തുടങ്ങിയിരുന്നു. അന്ന് കെ കെ നായരെ മത്സരിപ്പിക്കാന്‍ വേണ്ടി മോഹന്‍രാജിനോട് പിന്മാറാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞതിനാല്‍ താന്‍ മത്സരരംഗത്ത് തുടരുമെന്ന വാശിയിലായിരുന്നു മോഹന്‍രാജ്. അടുത്ത തവണ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ചാണ് മോഹന്‍രാജിനെ പിന്മാറ്റിയത്. 2006 ലെ തിരഞ്ഞെടുപ്പിലും ഇതു പോലെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മോഹന്‍രാജ് പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം തന്ന ആറന്മുളയില്‍ ശിവദാസന്‍ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പോസ്റ്റര്‍ ഒട്ടിച്ചു പ്രചാരണം തുടങ്ങി. അപ്പോഴാണ് ലീഡര്‍ കെ കരുണാകരന്‍ ആറന്മുളയ്ക്ക് അവകാശവാദം ഉന്നയിക്കുന്നത്. ലീഡറുടെ പിടിവാശിയില്‍ ആറന്മുള മാലേത്ത് സരളാദേവിയ്ക്ക് കൊടുക്കേണ്ടി വന്നു. അവിടെ പോസ്റ്റര്‍ ഒട്ടിച്ച ശിവദാസന്‍ നായര്‍ വിമതശബ്ദം മുഴക്കിയതോടെ അദ്ദേഹത്തെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം ധാരണയായി. അന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായി മോഹന്‍രാജ് ഒഴിഞ്ഞു കൊടുത്തു.
2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പുനഃസംഘടനയില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യം ഉണ്ടായിരുന്ന പേര് പി. മോഹന്‍രാജിന്റേതായിരുന്നു. പതിവുപോലെ അവസാന നിമിഷം എ കെ ആന്റണിയും പി ജെ കുര്യനും ചേര്‍ന്ന് കോട്ടയത്തുകാരനായ ആന്റോ ആന്റണിയെ പത്തനംതിട്ടയിലെത്തിച്ചു. സീറ്റ് പോയത് മോഹന്‍രാജിന്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പത്തനംതിട്ട കൂടി ഉള്‍പ്പെടുത്തി ആറന്മുള മണ്ഡലം പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. വീണ്ടും മോഹന്‍രാജിന്റെ പേര് ആറന്മുളയിലേക്ക്. അപ്പോഴാണ് പ്രശ്‌നം ഇല്ലാതായ പത്തനംതിട്ട മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ശിവദാസന്‍ നായര്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആറന്മുളയിലേ ഉള്ളൂ. അവിടെയും മോഹന്‍രാജിന് നഷ്ടം. ഒപ്പം 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നല്‍കാമെന്നൊരു ഉറപ്പും. പതിവുപോലെ അതില്‍ വിശ്വസിച്ചു മോഹന്‍രാജ് പിന്മാറി. 2015 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിച്ച പോലെയായിരുന്നു മോഹന്‍രാജിന്റെ തുടക്കം. എന്നാല്‍ ആന്റോ ആന്റണിക്ക് രണ്ടാം മൂഴം നല്‍കി കോണ്‍ഗ്രസ് നേതൃത്വം വീണ്ടും മോഹന്‍രാജിന് സീറ്റ് നിഷേധിച്ചു. ഇത്രയും മോഹഭംഗങ്ങള്‍ നേരിട്ട് മോഹന്‍രാജിന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തു കൊണ്ടും സീറ്റ് നല്‍കുമെന്നായിരുന്നു പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും പ്രതീക്ഷ. അടൂര്‍ പ്രകാശിനെ പറപ്പിച്ചേ അടങ്ങൂവെന്ന് സുധീരന്‍ വാശിപിടിച്ചതോടെ ഇക്കുറി മോഹന്‍രാജ് കോന്നിയില്‍ മത്സരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു.
പക്ഷേ, കൊടുങ്കാറ്റ് പോലെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ഉമ്മന്‍ചാണ്ടി ചുഴറ്റിയെറിഞ്ഞത് മോഹന്‍രാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവി കൂടിയായിരുന്നു. മനംതകര്‍ന്ന മോഹന്‍രാജ് ഇതില്‍ക്കൂടുതല്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. ഇത്തവണ റാന്നി സീറ്റ് കിട്ടുമെന്ന് നൂറുശതമാനം ഉറപ്പായിരുന്ന ജയവര്‍മ കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിടെ നിറസാന്നിധ്യമായിരുന്നു. വിജയസാധ്യതയില്‍ മുന്നിലുണ്ടായിരുന്ന തന്നെ മാറ്റി നിര്‍ത്തിയതിലുള്ള പരാതിയും ജയവര്‍മ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day