|    Oct 27 Thu, 2016 4:33 am
FLASH NEWS

തദ്ദേശ തിരഞ്ഞെടുപ്പ് ; പ്രചാരണം ചൂടുപിടിച്ചു

Published : 24th October 2015 | Posted By: SMR

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം ഉച്ചസ്ഥായിയില്‍. പോളിങ്ബൂത്തിലെത്താന്‍ 9-12 ദിവസം മാത്രം ശേഷിക്കേ പരമാവധി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍. ഗോദയിലിറങ്ങിയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രചാരണവും പ്രാദേശികപ്രശ്‌നങ്ങള്‍ക്കുപരിയായുള്ള രാഷ്ട്രീയ കാഴ്ചപ്പാടും തദ്ദേശ തിരഞ്ഞെടുപ്പിന് പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതിയുണ്ടാക്കുന്നു. പ്രാദേശികപ്രശ്‌നങ്ങളും സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയുമാണ് പൊതുവെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവുന്നതെങ്കില്‍ ഇപ്രാവശ്യം വിഷയവൈവിധ്യംകൊണ്ടാണ് ശ്രദ്ധേയമായിരിക്കുന്നത്.
വംശീയ കൊലപാതകങ്ങള്‍, ഗോവധം, വര്‍ഗീയത, മുസ്‌ലിംലീഗ് മതേതരമാണോ എന്ന ചര്‍ച്ച, ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് എന്നിവയെല്ലാം പ്രചാരണവേദികളിലെ സ്ഥിരം ചര്‍ച്ചയാവുകയാണ്. കേന്ദ്ര-സംസ്ഥാന വിഷയങ്ങളും മുതിര്‍ന്ന നേതാക്കളുടെ ചിത്രം വച്ചുള്ള വോട്ട് പിടിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്.
ആറുമാസത്തിനകം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സല്‍ എന്ന നിലയിലും ഇരുമുന്നണികള്‍ക്കും ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. 2010ല്‍ യുഡിഎഫില്‍ നിന്നേറ്റ തിരിച്ചടി മറികടന്ന് മേല്‍ക്കൈ നേടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍, സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ അനുഭവത്തില്‍ നേട്ടമുണ്ടാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതാക്കള്‍ക്ക്.
മുന്‍കാലത്ത് തിരഞ്ഞെടുപ്പുകള്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടമായിരുന്നെങ്കില്‍ ഇപ്രാവശ്യം ബിജെപിയും പരമാവധി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇരുകൂട്ടരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എസ്എന്‍ഡിപി പോലുള്ള സാമുദായികസംഘടനകളെ മുന്നില്‍നിര്‍ത്തിയുള്ള ബിജെപി നീക്കത്തെ ജാഗ്രതയോടെയാണ് സിപിഎം കാണുന്നത്.
കാര്യമായി വോട്ട് ചോര്‍ച്ചയുണ്ടാവില്ലെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനും ആശങ്കയുണ്ട്. കേന്ദ്രഭരണത്തിന്റെ ബലത്തില്‍ സംഘപരിവാരത്തിന്റെ വംശീയ നിലപാടുകള്‍ ശക്തമാവുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതും ഇരുമുന്നണികളും ഉറ്റുനോക്കുകയാണ്. പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും എസ്ഡിപിഐ പോലുള്ള ചെറുകക്ഷികള്‍ വേരുറപ്പിക്കുന്നതും മുന്നണികളെ അലോസരപ്പെടുത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സിപിഎം പിബി അംഗം പിണറായി വിജയന്റെ മുസ്‌ലിം ലീഗിനെ തലോടിയുള്ള പ്രസ്താവനയുണ്ടായത്. ശക്തമായ ന്യൂനപക്ഷവിഭാഗങ്ങള്‍ ഒപ്പമില്ലാത്തത് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്തായാലും പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരമാവധി നേട്ടമുണ്ടാക്കാന്‍ അരയും തലയും മുറുക്കിയാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും രംഗത്തുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day