|    Oct 28 Fri, 2016 3:55 pm
FLASH NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; ഇകെ-എപി സുന്നി പോരാട്ട വേദിയാവുന്നു

Published : 20th October 2015 | Posted By: SMR

പി സി അബ്ദുല്ല

വടകര: ഒന്നര പതിറ്റാണ്ടിനു ശേഷം കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സുന്നി വിഭാഗീയത മറനീക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇകെ  – എപി സുന്നി വിഭാഗങ്ങള്‍ പരസ്യ നിലപാടുകളുമായി നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
രണ്ട് സുന്നി ഗ്രൂപ്പുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സര രംഗത്തില്ല. എന്നാല്‍ ഇരു മുന്നണികള്‍ക്കും പിന്നിലെ നിര്‍ണായക ശക്തികളായ രണ്ട് സമസ്തകളും തിരഞ്ഞെടുപ്പിന്റെ മറവില്‍ പോരിന് കച്ച മുറുക്കിയിരിക്കുകയാണ്. 2001ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനോട് മൃദു സമീപനമായിരുന്നു കാന്തപുരം സുന്നി വിഭാഗം സ്വീകരിച്ചിരുന്നത്. അതിന്റെ രാഷ്ട്രീയമായ ആനുകൂല്യങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍, പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം സുന്നി വിഭാഗീയത മൂര്‍ഛിച്ചതോടെ കാന്തപുരം വിഭാഗം ക്രമേണ യുഡിഎഫില്‍ നിന്നും അകലുന്ന അവസ്ഥയായി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായി കാന്തപുരത്തിന് ഇപ്പോഴും അടുത്ത ബന്ധമുണ്ട്. എന്നാല്‍, ഇകെ സുന്നിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കാന്തപുരം വിഭാഗം അണികളില്‍ തീര്‍ത്തും യുഡിഎഫ് വിരുദ്ധ വികാരമാണ് ശക്തിപ്പെട്ടിരിക്കുന്നത്.
നബികേശ വിവാദവുമായി ബന്ധപ്പെട്ട് ഇകെ വിഭാഗത്തില്‍ നിന്നുണ്ടായ കടുത്ത നടപടികളാണ് എപി സുന്നി വിഭാഗത്തെ വീണ്ടും ലീഗ് വിരുദ്ധ പാളയത്തിലെത്തിച്ചത്. കേശ വിവാദം കെട്ടടങ്ങിയ ഉടനെ മര്‍കസ് നോളജ് സിറ്റിക്കെതിരേ ഇകെ വിഭാഗം രംഗത്തു വന്നത് എപി സുന്നികളെ പ്രകോപിതരാക്കി. ലീഗ് പക്ഷവുമായി ഒത്തുതീര്‍പ്പിനു തയ്യാറില്ലെന്ന നിലപാടില്‍ കാന്തപുരത്തെ എത്തിച്ചത് ഇകെ വിഭാഗത്തിനെതിരായ അണികളുടെ കടുത്ത അമര്‍ഷമാണ്. ഇകെ വിഭാഗത്തിനെതിരായ രോഷം തിരഞ്ഞെടുപ്പില്‍ കൃത്യമായി ഏകോപിപ്പിക്കാനാണ് കേരള മുസ്‌ലിം ജമാഅത്ത് എന്ന പുതിയ സംഘടനയ്ക്ക് കാന്തപുരം വിഭാഗം രൂപം നല്‍കിയത്. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉന്നത ലീഗ് നേതാക്കളുമൊക്കെ അനുരഞ്ജന ശ്രമങ്ങളുമായി രഹസ്യമായും പരസ്യമായും കാന്തപുരത്തെ സമീപിെച്ചങ്കിലും യാതൊരു വിട്ടു വിഴ്ചക്കുമില്ലെന്ന നിലപാടാണ് അദ്ദേഹം അറിയിച്ചത്.
പുതിയ സംഘടന രൂപീകരിച്ച ശേഷം കാന്തപുരം പരസ്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും സമീപ ദിവസങ്ങളില്‍ പുറത്തു വന്ന കാന്തപുരത്തിന്റെ പ്രതികരണങ്ങളെല്ലാം ഇകെ സുന്നി വിഭാഗമുള്‍പ്പെടുന്ന യുഡിഎഫ് പക്ഷത്തെ ശക്തമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ്.   കാന്തപുരത്തിന്റെ ഈ നിലപാടിനുള്ള മറുപടിയുമായി ഇകെ വിഭാഗവും കഴിഞ്ഞ ദിവസം രംഗത്തു വന്നു. കാന്തപുരം വിഭാഗത്തിന്റെ ഒരു അനുയായിയെപ്പോലും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നാണ് സമസ്ത സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇകെ-എപി സുന്നി ഭിന്നത മൂര്‍ധന്യത്തിലെത്തിയത് മുസ്‌ലിം ലീഗിന് വലിയ തലവേദനയായിട്ടുണ്ട്. എന്നാല്‍, ഇകെ സമസ്തയുടെ നീക്കങ്ങള്‍ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയുണ്ടെന്നതിനാല്‍ ലീഗ് നേതൃത്വം നിസ്സഹായാവസ്ഥയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെപ്പോലെ കാന്തപുരം വിഭാഗത്തെ പ്രീണിപ്പിക്കുന്ന നിലപാട് ഇനി മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ തിരഞ്ഞെടുപ്പില്‍ ലീഗിനെതിരേ പരസ്യമായി രംഗത്തുവരാനും സമസ്ത മടിക്കില്ലെന്ന് ഇകെ സുന്നി വിഭാഗത്തിന്റെ മുതിര്‍ന്ന നേതാവ് തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day