|    Dec 8 Thu, 2016 7:49 pm

തട്ടിക്കൊണ്ടുപോയ യുവാവിനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

Published : 30th November 2016 | Posted By: SMR

കോതമംഗലം: കുഴല്‍ ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ യുവാവിനെ ഒരു മാസമാവുബോഴും കണ്ടെത്താനായില്ല. ഒക്ടോബര്‍ 31ന് പുലര്‍ച്ചയാണ് കോഴിപ്പിള്ളി കുടമുണ്ട കവലയിലെ വീട്ടില്‍നിന്നും കോടാലി ശ്രീധരന്റെ മകന്‍ അരുണിനെ രണ്ട് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോതമംഗലം സ്വദോശിയായ ഒരാളും കോഴിക്കോട് സ്വദേശികളായ മൂന്നുപേരും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍നിന്നും തട്ടിക്കൊണ്ടുപോയ അരുണിനെകുറിച്ച് കാര്യമായ വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്നും യുവാവിനെ മൈസൂരിലുള്ള മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയതായാണ് വിവരം. ഇതിന്റെ ചുവടുപിടിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും വേണ്ട പുരോഗതിയുണ്ടാക്കാനായിട്ടില്ല. എന്നാല്‍ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന കോടാലി ശ്രീധരന്‍ ഒളിവില്‍ കഴിയുന്നത് പോലിസിന്റെ തുടര്‍ നടപടികള്‍ക്ക് തടസമാവുന്നുണ്ട്. ശ്രീധരന്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് വീട്ടുകാരുമായി ഇന്റര്‍നെറ്റ് ഫോണ്‍ വഴി ബന്ധപ്പെടുന്നതായി പോലിസ് സ്ഥിതികരിച്ചിട്ടുണ്ട്. അരുണിനെ വിട്ടുകിട്ടാന്‍ വന്‍തുക സംഘം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇത് പോലിസ് വിശ്വസിക്കുന്നില്ല. എന്നാല്‍ അരുണ്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഒരു മാസമാവുമ്പോഴും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അടുത്തിടെ ഈ പ്രദേശത്ത് താമസത്തിനെത്തിയ ശ്രീധരന്റെ കുടുബത്തെ കുറിച്ച് നാട്ടുകാര്‍ക്കും അയല്‍ കാര്‍ക്കും കാര്യമായ അറിവില്ല. അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടാവാത്തതിനെതുടര്‍ന്ന് യുവാവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള നീക്കത്തിലാണ് പോലിസ്. ഇതിനിടയില്‍ അരുണിന്റ മാതാവ് വല്‍സ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്. കുഴല്‍പണ ഇടപാടുകള്‍ ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ശ്രീധരന്‍ തട്ടിക്കൊണ്ടുപോയ സംഘത്തെ ഭയന്നാണ് ഒളിവില്‍പോയതെന്ന് പോലിസ് കരുതുന്നു. ഏറെ ദുരൂഹതയുള്ള സംഭവത്തില്‍ അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ പോലിസിനു നല്‍കാന്‍ ശ്രീധനെകൊണ്ടെ കഴിയുകയുള്ളൂവെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day