|    Oct 26 Wed, 2016 4:54 pm

തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം: നിയമലംഘനം നടത്തിയാല്‍ ഗതാഗത കമ്മീഷണറെ മാറ്റുമെന്ന് മന്ത്രി

Published : 12th August 2016 | Posted By: G.A.G

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി ഓഫിസുകളില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അന്വേഷിക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫിസുകളില്‍ ആഘോഷിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നാവും ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുക. മാത്രമല്ല, സംസ്ഥാനത്തെ ആര്‍ടി ഓഫിസുകളില്‍ തന്റെ ജന്മദിനം ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്ന് തച്ചങ്കരി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജന്മദിനമാഘോഷിക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് ഔദ്യോഗികമായോ അല്ലാതെയോ നിര്‍ദേശം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥന് കഴിയുമോ എന്നും മേലുദ്യോഗസ്ഥന്‍ നല്‍കുന്ന ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് ബാധ്യതയുണ്ടോ എന്ന കാര്യങ്ങളും ചീഫ് സെക്രട്ടറി പരിശോധിക്കും. അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ പിറന്നാള്‍ ആഘോഷിക്കണമെന്നത് സംബന്ധിച്ച് നിലവില്‍ നിയമങ്ങളോ ചട്ടങ്ങളോ ഒന്നുമില്ല. അതിനാല്‍തന്നെ തച്ചങ്കരിയുടെ പിറന്നാളാഘോഷം സിവില്‍ സര്‍വീസ് നിയമങ്ങളുടെ ലംഘനമാണോയെന്ന കാര്യത്തില്‍ സംശയവും ഉയരുന്നുണ്ട്.
അതിനിടെ തച്ചങ്കരിയുടെ വിവാദമായ പിറന്നാള്‍ ആഘോഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഓഫിസുകളില്‍ ജന്മദിനമാഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരിക്കു കൊമ്പുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. തച്ചങ്കരിയുമായുള്ള യുദ്ധത്തില്‍ എപ്പോഴും മന്ത്രി ശശീന്ദ്രനാണ് തോല്‍വി. എക്‌സൈസ് മന്ത്രിക്ക് സ്വന്തം വകുപ്പില്‍ നടക്കുന്നത് എന്തെന്നുപോലും അറിയില്ല. അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഋഷിരാജ് സിങാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തച്ചങ്കരി കാണിക്കുന്നതെല്ലാം ഊളത്തരമാണെന്നും പ്രശസ്തിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും പി സി ജോര്‍ജ് എംഎല്‍എ കുറ്റപ്പെടുത്തി. വകുപ്പുമന്ത്രിക്ക് ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് ഗതാഗതകമ്മീഷണര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ജന്മദിനമാഘോഷിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. കത്തയച്ചിരുന്നെങ്കിലും അതില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പറഞ്ഞിട്ടില്ല. സ്വന്തം ചെലവിലാണ് ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്. ഇതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. അന്വേഷണം നടക്കട്ടെ. കൊച്ചിയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയത് ബോധവല്‍ക്കരണത്തിനാണ്. എന്നാ ല്‍, മധുരം വിതരണം ചെയ്തതുമാത്രം വാര്‍ത്തയായെന്നും തച്ചങ്കരി ചോദിച്ചു.
ടോമിന്‍ തച്ചങ്കരിയുടെ നടപടിയില്‍ ഗതാഗതമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കും. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ കമ്മീഷണറെ മാറ്റും. പിറന്നാള്‍ ആഘോഷിക്കുന്നതിലെ ഔചിത്യം അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ഭരണചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് കഴിഞ്ഞദിവസം ആര്‍ടി ഓഫിസുകളിലുണ്ടായത്. കൊച്ചിയിലെ ആര്‍ടി ഓഫിസിലെത്തി ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തച്ചങ്കരിയുടെ പിറന്നാളാഘോഷം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 585 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day