|    Dec 4 Sun, 2016 5:20 am
FLASH NEWS

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

Published : 17th November 2016 | Posted By: SMR

മാനന്തവാടി: നോട്ട് നിരോധനം കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നു. നോട്ടുകള്‍ പിന്‍വലിച്ചതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലയുമില്ല; പണവുമില്ല എന്ന അവസ്ഥയാണ്. വിളവെടുപ്പ് നടത്തിയ ശേഷം ഉയര്‍ന്ന വില ലഭിക്കുമ്പോള്‍ വില്‍ക്കാമെന്ന പ്രതീക്ഷയില്‍ കാപ്പി, കുരുമുളക് തുടങ്ങിയ ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വച്ചവരും അടക്ക കര്‍ഷകരുമാണ് നോട്ട് നിരോധനം കാരണം ദുരിതത്തിലായത്. മക്കളുടെയും ബന്ധുക്കളുടെയും വിവാഹാവശ്യങ്ങള്‍, വിദ്യാഭ്യാസച്ചെലവുകള്‍, വീട് നിര്‍മാണം തുടങ്ങിയവയ്ക്കായി കാപ്പി, കുരുമുളക് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതുവരെ സൂക്ഷിക്കുന്നത് കര്‍ഷകരുടെ പതിവാണ്. ഇത്തരത്തില്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുകയും നിലവില്‍ ആവശ്യം നേരിട്ടവരുമാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. കിലോക്ക് 82 രൂപവരെ ലഭിച്ചിരുന്ന സമയത്ത് സൂക്ഷിച്ചുവച്ച കാപ്പിയുടെ നിലവിലെ വില 78 രൂപയാണ്. എന്നാല്‍, ഈ വിലയ്ക്ക് വില്‍പന നടത്തിയാലും വാങ്ങാനാളില്ല. വാങ്ങിയാല്‍തന്നെ ലഭിക്കുന്നത് പഴയ 500, 1000 രൂപ നോട്ടുകള്‍. കുരുമുളകിന് 700 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ 620 രൂപയാണ് വിലയുള്ളത്. നോട്ടുനിരോധനം അടക്ക കര്‍ഷകരെയും ചെറുകിട പാട്ട കച്ചവടക്കാരെയുമാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. വിളവെടുപ്പ് കാലമായതിനാല്‍ നിത്യവും ടണ്‍ കണക്കിന് അടക്കയാണ് കര്‍ണാടകയിലേക്ക് കയറ്റി അയക്കുന്നത്. അടക്കയുടെ വിലയില്‍ നിരോധനത്തിന്റെ ആദ്യ ദിവസം കിലോക്ക് എട്ട് രൂപ കുറഞ്ഞ് 72 രൂപയായിരുന്നെങ്കിലും പിന്നീടിത് പൂര്‍വസ്ഥിതിയില്‍ തന്നെയായി. എന്നാല്‍, ഇതിന്റെ വിലയായി ലഭിക്കുന്നതാവട്ടെ പഴയ നോട്ടുകള്‍ മാത്രമാണ്. പുതിയ നോട്ടുകള്‍ ലഭ്യമാവാത്തതും ബാങ്ക് വഴി ഇടപാടുകള്‍ നടത്താന്‍ കര്‍ണാടകയിലെ അടക്ക വ്യാപാരികള്‍ തയ്യാറാവാത്തതും കാരണം വന്‍ സാമ്പത്തികത്തകര്‍ച്ചയാണ് വിപണിയിലുണ്ടായിരിക്കുന്നത്. ബാങ്കുകളില്‍നിന്നു സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്ത് അടക്കത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത ചെറുകിട കച്ചവടക്കാര്‍ പണം ലഭ്യമല്ലാതായതോടെ ഇരട്ടി കടബാധ്യതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടെനിന്നും അടക്ക വാങ്ങി കര്‍ണാടകയിലെ വ്യാപാരികള്‍ക്ക് നല്‍കി വെറും കൈയോടെയാണ് കച്ചവടക്കാര്‍ മടങ്ങുന്നത്. പഴയ നോട്ടുമായി വന്നാല്‍ പരിശോധനയില്‍പെടുമെന്ന ഭയവും പഴയ നോട്ടുകള്‍ ഏതുവഴിയില്‍ ചിലവഴിക്കാനാവുമെന്ന ആശങ്കയുമാണ് കച്ചവടക്കാരെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ കര്‍ണാടകയിലെ അടക്കവ്യാപാരികളുടെ കൈയില്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. പണം കിട്ടാതെ വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മാറ്റിവയ്ക്കുന്ന സംഭവങ്ങളും വര്‍ധിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day