|    Dec 7 Wed, 2016 3:58 pm
FLASH NEWS

ഡൗണ്‍ടൗണ്‍ അക്രമം: യുവമോര്‍ച്ച പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

Published : 24th November 2016 | Posted By: SMR

കോഴിക്കോട്: യുവതീ-യുവാക്കള്‍ക്ക് ആശാസ്യമല്ലാത്ത രീതിയില്‍ അടുത്തിടപഴകാന്‍ അവസരമൊരുക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആക്രമിച്ച കേസിലെ പ്രതികളായ എട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ വിചാരണക്കോടതി വെറുതെവിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) ജഡ്ജി കെ വിദ്യാധരനാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടയച്ചത്. ഡൗണ്‍ടൗണ്‍ അക്രമത്തിനെതിരായ പ്രതിഷേധമെന്ന പേരിലാണ് പിന്നീട് സംസ്ഥാനത്ത് സദാചാര പോലിസിങിനെതിരേ കിസ് ഓഫ് ലൗ അടക്കമുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്.
2014 ഒക്‌ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി മണിയോത്ത് വീട്ടില്‍ ബാസില്‍ മൂസ, സഹോദരന്‍ ബെന്‍സില്‍ മൂസ തുടങ്ങിയ അഞ്ചോളം പേരുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് പി ടി ഉഷാ റോഡിലെ
ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് 15 ഓളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അടിച്ചു തകര്‍ക്കുകയായിരുന്നു. റസ്‌റ്റോറന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശാസ്യമല്ലാത്ത രീതിയില്‍ പെരുമാറുന്നതു സംബന്ധിച്ച് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. അന്നത്തെ നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഏഴംഗ അന്വേഷണസംഘമാണു പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രകാശ് ബാബുവിന് പുറമെ പ്രബീഷ് മാറാട്, ബബീഷ് ഉണ്ണികുളം, ടി നിവേദ്, പ്രശോഭ് കോട്ടൂളി, കെ ഷൈബു, ടി റിജിന്‍, കെ പി ബിജിത്ത് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day