|    Dec 8 Thu, 2016 5:29 pm
FLASH NEWS

ഡ്രഡ്ജര്‍ പണിമുടക്കി; തുറമുഖ നിര്‍മാണം നിലച്ചു

Published : 23rd November 2016 | Posted By: SMR

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്ന കടല്‍ കുഴിക്കലിനായി എത്തിച്ച ഡ്രഡ്ജര്‍ ശാന്തിസാഗര്‍ പണിമുടക്കി. ഇതോടെ തുറമുഖ നിര്‍മാണം നിലച്ചു. പുതിയത് ഇന്നെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രഡ്ജറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതാണു പണി മുടങ്ങാന്‍ കാരണം. തുറമുഖ നിര്‍മാണം തുടങ്ങിയതു മുതല്‍ കടല്‍ കുഴിക്കുന്നത് ഈ ഡ്രഡ്ജറാണ്. നിരവധി തവണ ഇതു കേടായെങ്കിലും കേടുപാടു തീര്‍ത്ത് പണി തുടരവെയാണു കഴിഞ്ഞദിവസം വീണ്ടും കേടായത്. രണ്ടാമത്തെ ഡ്രഡ്ജറായ ശാന്തിസാഗര്‍-10നെയും വഹിച്ചുള്ള കൂറ്റന്‍ കാര്‍ഗോ കപ്പല്‍ കോംബി ഡോക് 1 ഇന്നു വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടും. കഴിഞ്ഞ എട്ടിന് എത്തുമെന്ന് അറിയിച്ചെങ്കിലും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതു കാരണം യാത്ര വൈകുകയായിരുന്നു. ഒഡീഷയില്‍ നിന്നു യാത്രതിരിച്ച 169.4 മീറ്റര്‍ നീളമുള്ള കപ്പല്‍ ഇതാദ്യമായാണു വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്നത്. സാങ്കേതികതടസ്സമുള്ളതിനാല്‍ പുറംകടലില്‍ നങ്കൂരമിട്ടശേഷം കപ്പലില്‍ വെള്ളംനിറച്ചു പകുതി മുക്കിനിര്‍ത്തിയ ശേഷം ഡ്രഡ്ജറിനെ പുറത്തിറക്കും. ഒപ്പം ഡ്രഡ്ജറിനെ കെട്ടിവലിക്കുന്ന മള്‍ട്ടി യൂട്ടിലിറ്റി ടഗ്ഗും ഉണ്ടാവും. കൂറ്റന്‍ യന്ത്രസാമഗ്രികള്‍ വഹിക്കുന്ന കോംബിഡോക്കില്‍ ഫ്‌ളോട്ടിങ് പൈപ്പുകള്‍, ഷോര്‍ലൈന്‍ പെപ്പുകള്‍, കണ്ടെയ്‌നറുകള്‍, ശാന്തിസാഗര്‍ പരമ്പരയിലെ മറ്റൊരു ഡ്രഡ്ജര്‍ എന്നിവ ഉണ്ടാവും. ഇതില്‍ കണ്ടെയ്‌നറുകളും ഷോര്‍ലൈന്‍ പൈപ്പുകളും കൊല്ലത്താവും ഇറക്കുക. വിഴിഞ്ഞത്തു സ്ഥലപരിമിതി കാരണമാണ് കൊല്ലത്ത് ഇറക്കുന്നതെന്നും ഇവ ആവശ്യഘട്ടമാവുമ്പോള്‍ റോഡ്മാര്‍ഗം വിഴിഞ്ഞത്ത് എത്തിക്കുമെന്നും കൊല്ലത്തെ എസ്എസ് മാരിടൈം കമ്പനി അധികൃതര്‍ പറഞ്ഞു. ഒഡീഷയിലെ ദാംറ തുറമുഖത്തു നിന്നു ഡ്രഡ്ജര്‍ അടക്കമുള്ള യന്ത്രസാധനങ്ങള്‍ കയറ്റിയ കാര്‍ഗോ കപ്പല്‍ ശ്രീലങ്ക ചുറ്റിയാണു വിഴിഞ്ഞത്ത് വരുന്നത്. വിഴിഞ്ഞത്ത് ശാന്തിസാഗര്‍-10 ഇറക്കി ശേഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്താണു കാര്‍ഗോ കപ്പല്‍ എത്തുന്നത്. ഇവിടെ കപ്പലില്‍ ശേഷിക്കുന്ന ശാന്തിസാഗര്‍-11 ഇവിടെ ഇറക്കും. പുതിയ ഡ്രഡ്ജര്‍ വരുന്നതോടുകൂടി കടല്‍ കുഴിക്കുന്നതിന് വേഗം കൂടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day