|    Dec 5 Mon, 2016 3:51 am

ഡിസിസി പ്രസിഡന്റ്; കെ സി റോസക്കുട്ടി ടീച്ചര്‍എഐസിസി പരിഗണനയില്‍

Published : 10th November 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് പദവിയിലേക്ക് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നവരുടെ പട്ടികയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചറും. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ എ വിഭാഗം നേതാവും രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി എംഎല്‍എയാണ് റോസക്കുട്ടിയുടെ പേര് നിര്‍ദേശിച്ചതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വിവരം. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും സുല്‍ത്താന്‍ ബത്തേരി എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്റെ പേരാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയകാര്യ സമിതി നേരത്തെ നിര്‍ദേശിച്ചത്. ഇതിനു സമിതിയിലെ മുഴുവന്‍ അംഗങ്ങളുടെയും പ്രത്യേകം നിര്‍ദേശം എഐസിസി ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തരുടെ പട്ടികയിലുള്ള റോസക്കുട്ടി ടീച്ചറുടെ പേര് നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്. റോസക്കുട്ടി ടീച്ചര്‍ക്കും ബാലകൃഷ്ണനും പുറമെ കെപിസിസി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍ എന്നിവരുടെ പേരുകളാണ് എഐസിസിയുടെ പരിഗണനയില്‍. ഇതില്‍ റോസക്കുട്ടി ടീച്ചര്‍ ഒഴികെയുള്ളവര്‍ വിശാല ഐ ഗ്രൂപ്പില്‍നിന്നുള്ളവരാണ്. ദീര്‍ഘകാലമായി ഐ ഗ്രൂപ്പിന്റെ വരുതിയിലാണ് വയനാട് ഡിസിസി അധ്യക്ഷസ്ഥാനം. പുല്‍പ്പള്ളിയില്‍ നിന്നുള്ള കെ എല്‍ പൗലോസാണ് നിലവിലെ പ്രസിഡന്റ്. എഐസിസി മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്തെ ഡിസിസി അധ്യക്ഷ പദവികളിലൊന്ന് വനിതയ്ക്ക് ലഭിക്കണം. എന്നിരിക്കെ, റോസക്കുട്ടി ടീച്ചര്‍ക്ക് സാധ്യത കാണുന്നവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിരവധിയാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ 2017 ഏപ്രില്‍ വരെയാണ് ടീച്ചര്‍ക്ക് കാലാവധി. അതിനാല്‍ത്തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പായാല്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയാന്‍ അവര്‍ മടിക്കില്ലെന്നാണ് സൂചന. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ് റോസക്കുട്ടി ടീച്ചര്‍. വനിതാ കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന അവര്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം മുന്‍ എംഎല്‍എയുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day