|    Dec 6 Tue, 2016 5:39 pm
FLASH NEWS

ഡിസിസി പുനസ്സംഘടന: സംസ്ഥാന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടു

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡിസിസി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചനടത്തി. മൂന്നു നേതാക്കളും വെവ്വേറെയായാണ് രാഹുലിനെ കണ്ടത്.
ഗ്രൂപ്പുകള്‍ക്കതീതമായി ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ പരിചയസമ്പന്നര്‍ അവഗണിക്കപ്പെടരുതെന്ന് രമേശും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രൂപ്പുകള്‍ക്കതീതമായി യുവത്വത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലാവണം പുനസ്സംഘടനയെന്നതാണു സുധീരന്റെ അഭിപ്രായം. തുടര്‍ന്ന് സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിമാരുമായി ചര്‍ച്ചനടത്തിയ ശേഷം രാഹുല്‍ ഡിസിസി പ്രസിഡന്റുമാരുടെ പുതിയ പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.
മൂന്ന് നേതാക്കളില്‍ നിന്നും എല്ലാ ജില്ലകളിലേക്കുമുള്ള ഭാരവാഹികളെ  നിര്‍ദേശിക്കുന്ന പട്ടിക രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏതൊക്കെ ഗ്രൂപ്പുകളിലുള്ളവരാണെന്ന് നിശ്ചയിക്കാന്‍ പ്രയാസമാവും.
ഇതോടെ സംസ്ഥാന ഗ്രൂപ്പ് വീതംവയ്ക്കല്‍ ഇല്ലാതാവും. ഇരു ഗ്രൂപ്പുകളുടെയും നോമിനികളല്ലാതെ സുധീരന്‍പക്ഷത്തുനിന്നുള്ളവരും കടന്നുവരുന്നതോടെ ഗ്രൂപ്പുകള്‍ക്കുതന്നെയാണ് പുനസ്സംഘടന ഏറ്റവും കൂടുതല്‍ നഷ്ടമാവുക. മാത്രമല്ല, പ്രഖ്യാപനം ഡല്‍ഹിയില്‍ നടക്കുന്നതിനാലും രാഹുലിന്റെ തീരുമാനം അന്തിമമാവുന്നതിനാലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഹൈക്കമാന്‍ഡിന്റെ നോമിനികളായാണു വിലയിരുത്തുകയെന്നും ഇത് ഗ്രൂപ്പ് നേതൃത്വത്തിന്റെ അപ്രമാദിത്വത്തിന് തടയിടുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
എല്ലാ ജില്ലകളിലെയും പ്രസിഡന്റുമാര്‍ മാറുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നിലവിലെ ഭാരവാഹികള്‍ പ്രവര്‍ത്തനരംഗത്തുനിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
ഇതു സംഘടനാ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിന്റെ പേരില്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ പ്രവര്‍ത്തനരംഗത്ത് ഏറെ ദോഷംചെയ്യുമെന്ന് രമേശും ഉമ്മന്‍ചാണ്ടിയും രാഹുലിനോട് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day