|    Dec 11 Sun, 2016 5:22 pm
FLASH NEWS

ഡല്‍ഹിയുടെ ഐ ലീഗ് പ്രവേശനത്തിന് പൊരുതാന്‍ നാലു മലയാളികള്‍

Published : 25th November 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: ഡല്‍ഹി യുനൈറ്റഡിന്റെ ഐ ലീഗ് അരങ്ങേറ്റത്തിനായി വിയര്‍പ്പൊഴുക്കാന്‍ നാല് മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ ക്ലബ്ബുമായി ഒപ്പുവച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവും എറണാകുളം വൈറ്റില ദീപം വീട്ടില്‍ ഡീജി മേനോന്‍-ഹേമലത ദമ്പതികളുടെ മകനുമായ ദുലീപ് മേനോന്‍ (29), എറണാകുളം കോതമംഗലം കളത്തിപ്പറമ്പില്‍ സാദിഖ് അലിയുടെയും സുഹ്‌റയുടെയും മകന്‍ മുഹമ്മദ് സാഗര്‍ അലി (23), മലപ്പുറം തിരൂര്‍ പറവണ്ണ മുറോയിക്കല്‍ പഴയ പുത്തന്‍വീട്ടില്‍ മുഹമ്മദ് കുട്ടി-ലൈല ദമ്പതികളുടെ മകന്‍ മുഹമ്മദ് റിഷാദ് (21), തിരൂര്‍ മീനടത്തൂര്‍ കൊക്കോടി രായിന്‍ മൂസയുടെയും സഫിയയുടെയും മകന്‍ മുഹമ്മദ് സ്വലാഹ് (22) തുടങ്ങിയ പുത്തന്‍ താരോദയങ്ങളാണ് ഐ ലീഗ് രണ്ടാം ഡിവിഷന്‍ ടീമായ ഡല്‍ഹിക്ക് കരുത്ത് പകരാന്‍ തയ്യാറെടുക്കുന്നത്.
മിഡ്ഫീല്‍ഡറായ ദുലീപിന്റെ തുടക്കം കൊച്ചി ഉദയ ക്ലബ്ബിലായിരുന്നു. പിന്നീട് ജോസ്‌കോ എഫ്‌സിയിലും സെന്‍ട്രല്‍ എക്‌സൈസിലും എച്ച്എഎല്‍ ബാംഗ്ലൂരിലും തിളങ്ങി. 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തി. പിന്നീട് ജെസിടിയിലും ചെന്നൈ എഫ്‌സിക്ക് വേണ്ടി തമിഴ്‌നാട് ലീഗിലും കളിച്ചു. സായ് സ്‌പോ ര്‍ട്‌സ് ഹോസ്റ്റലിലൂടെയാണ് സാഗര്‍ അലിയുടെ തുടക്കം. ഈഗിള്‍ എഫ്‌സി, ഏജീസ്, ചെന്നൈ ഇന്ത്യന്‍ ബാങ്കിനും കളിച്ചു. ഈ വര്‍ഷം എയര്‍ ഇന്ത്യന്‍ ടീമില്‍നിന്നാണ് ഡല്‍ഹി ടീമില്‍ ചേരുന്നത്.
മികച്ച സ്റ്റോപ്പര്‍ ബാക്കാണ് 23കാരനായ സാഗര്‍ അലി. ഡിഎസ്‌കെ ശിവാജിയന്‍സ് മുംബൈ ടീമിലാണ് മുഹമ്മദ് റിഷാദിന്റെ തുടക്കം. മുംബൈ എഫ്‌സിയുടെ അണ്ടര്‍-19 ടീമിലും ഫിഫാ കൊളാബ എഫ്‌സിയിലും മിഡ്ഫീല്‍ഡര്‍ ജഴ്‌സിയണിഞ്ഞു. വിങ്ങ് ബാക്കായ സ്വലാഹും ഡിഎസ്‌കെക്ക് കളിച്ചിട്ടുണ്ട്. ഇരുവര്‍ക്കും തിരൂര്‍ സാറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലനം ഗുണം ചെയ്തിട്ടുണ്ട്. മൂന്നാംതവണയാണ് ഡല്‍ഹി യുണൈറ്റഡ് രണ്ടാം ഡിവിഷനില്‍ കളിക്കുന്നത്. ഇത്തവണ ഐ ലീഗിലെത്തിക്കാനാണ് ക്ലബ്ബുടമ പ്രമുഖ വ്യവസായി ബി എസ് മെഹ്‌റയുടെ ശ്രമം.
ഐവറി കോസ്റ്റ്, നീപ്പാള്‍, ഭൂട്ടാന്‍ താരങ്ങളും ആസ്‌ത്രേലിയന്‍ കോച്ചും ഉടന്‍ ടീമിനൊപ്പം ചേരും. ഇപ്പോള്‍ മെഹ്‌റയാണ് പരിശീലിപ്പിക്കുന്നത്. സെക്കന്‍ഡ് ഡിവിഷന്‍ ജനുവരിയില്‍ ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക