|    Oct 25 Tue, 2016 7:01 am
FLASH NEWS

ഡല്‍ഹിയിലെ മലയാളി ബാലന്റെ കൊല: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ഥി രജത് മേനോനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കുട്ടിക്കുറ്റവാളിയെ സാധാരണ കോടതിയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് ബാലനീതി ബോര്‍ഡില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണറെ സന്ദര്‍ശിച്ച് രജത്തിന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് പോലിസ് നടപടി. ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ നല്‍കും. മറ്റൊരു പ്രതി അലോക് കുട്ടിക്കുറ്റവാളിയെന്ന് ആദ്യം അവകാശപ്പെട്ടെങ്കിലും അലോകിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സംഭവസമയത്ത് രജത്തിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്താന്‍ പോലിസ് തീരുമാനിച്ചു. കേസില്‍ ഇത് നിര്‍ണായക തെളിവായേക്കും. മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ മാര്‍ക്കറ്റില്‍ പാന്‍മസാല കടക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റ് കഴിഞ്ഞ ബുധനാഴ്ചയാണ് രജത് കൊല്ലപ്പെട്ടത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അലോകും സഹോദരനുമാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. രണ്ടു പേരും കുട്ടിക്കുറ്റവാളികളാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഇവര്‍ പഠിച്ച സ്‌കൂളിലെ രേഖകള്‍ പരിശോധിച്ച പോലിസ് അലോകിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതേ സ്‌കൂളിലെ രേഖകള്‍ പ്രകാരം അലോകിന്റെ സഹോദരന്റെ പ്രായം 17 ആണ്. 1999 മാര്‍ച്ചിലാണു ജനനം. ഇത് കാരണം കുട്ടിക്കുറ്റവാളിയായാണു കണക്കാക്കുക. എന്നാല്‍, ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 മുതല്‍ 18 വയസ്സുവരെയുള്ളവരെ സാധാരണ കോടതിയില്‍ വിചാരണ ചെയ്യാമെന്ന രീതിയില്‍ ബാലനീതി നിയമം ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇപ്പോള്‍ ബാലനീതി ബോര്‍ഡിനെ സമീപിച്ചിരിക്കുന്നത്. ബോര്‍ഡിനു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ രജത്തിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരാണ്. രണ്ടു തവണ ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. ഇത് മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്താനാണു പോലിസിന്റെ ശ്രമം. കേസിലെ പ്രധാന തെളിവുകളിലൊന്നായി ഇത് മാറുമെന്നാണു പോലിസിന്റെ പ്രതീക്ഷ.
അതിനിടെ, പോലിസ് ഇടപെടല്‍ തൃപ്തികരമല്ലെന്നാരോപിച്ച് പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day