|    Oct 25 Tue, 2016 2:12 pm
FLASH NEWS
Home   >  Sports  >  Others  >  

ഡബ്ല്യുബിഒ ഏഷ്യാ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ്: ഡല്‍ഹിയില്‍ ഇന്ന് ഇടിപ്പൂരം

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇടിക്കൂട്ടില്‍ ഇന്ത്യയുടെ സിംഹക്കുട്ടിയായ വിജേന്ദര്‍ സിങ് പ്രഫഷനല്‍ ബോക്‌സിങിലേക്ക് ചുവടുമാറിയ ശേഷം ഇന്ന് ആദ്യമായി സ്വന്തം നാട്ടില്‍ റിങിലിറങ്ങും. ഡബ്ല്യുബിഒ ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനായി മുന്‍ യൂറോപ്യന്‍ ചാംപ്യന്‍ കൂടിയായ ആസ്‌ത്രേലിയയുടെ കെറി ഹോപ്പുമായാണ് വിജേന്ദര്‍ ശക്തി പരീക്ഷിക്കുന്നത്.
ഡല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ കിടിലന്‍ പോരാട്ടത്തിനു വേദിയാവുക. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം ഇതാദ്യമായാണ് ഇവിടെ മറ്റൊരു സൂപ്പര്‍ മല്‍സരം നടക്കുന്നത്.
ഒരു വര്‍ഷം മുമ്പ് പ്രഫഷനല്‍ ബോക്‌സിങിലേക്ക് മാറിയ ശേഷം മുന്‍ ഒളിംപിക്‌സ് മെഡല്‍ വിജയി കൂടിയായ വിജേന്ദറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. പ്രഫഷനല്‍ ബോക്‌സറായ ശേഷം ഇതുവരെ പങ്കെടുത്ത ആറു മല്‍സരങ്ങളിലും ജയിച്ച ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ വരവ്.
എന്നാല്‍ അപകടകാരിയായ ഹോപ്പിനെതിരേ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തെങ്കില്‍ മാത്രമേ വിജേന്ദറിന് ഇന്നു വെന്നിക്കൊടി പാറിക്കാനാവുകയുള്ളൂ. 10 റൗണ്ടുകളടങ്ങിയതാണ് ഇന്നത്തെ മല്‍സരമെന്നത് കാണികളെ കൂടുതല്‍ ആവേശഭരിതരാക്കും. വിജേന്ദര്‍ ഇതാദ്യമായാണ് ഒരു 10 റൗണ്ട് മല്‍സരത്തില്‍ പോരിനിറങ്ങുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി പ്രഫഷനല്‍ ബോക്‌സിങിലെ നിറസാന്നിധ്യമാണ് ഹോപ്പെങ്കില്‍ വിജേന്ദര്‍ ഒരു വര്‍ഷം മാത്രമേ പിന്നിട്ടിട്ടുള്ളൂ. പ്രഫഷനല്‍ ബോക്‌സിങില്‍ അരങ്ങേറിയ ശേഷം ആദ്യ 11 മല്‍സരങ്ങളിലും വെന്നിക്കൊടി പാറിക്കാന്‍ ഓസീസ് താരത്തിനായിട്ടുണ്ട്. ഇതുവരെ 30 മല്‍സരങ്ങളില്‍ മാറ്റുരച്ച ഹോപ്പ് 23 എണ്ണത്തില്‍ ജയം കൊയ്തപ്പോള്‍ ഏഴെണ്ണത്തില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.
ലോക മിഡില്‍വെയ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്താണ് വിജേന്ദറിന്റെ സ്ഥാനം. എന്നാല്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ലോക മൂന്നാം റാങ്കുകാരനാണ് ഹോപ്പ്.
മാത്രമല്ല ഒളിംപിക്‌സ്, കോണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മെഡല്‍ നേടിയ താരമാണ് വിജേന്ദറെങ്കില്‍ അത്തരം നേട്ടങ്ങളൊന്നും ഹോപ്പിന് അവകാശപ്പെടാനില്ല.
വലം കൈ ബോക്‌സറാണ് വിജേന്ദര്‍. അതേസമയം, ഇടംകൈയനാണ് ഹോപ്പ്. ഇന്നത്തെ മല്‍സരത്തില്‍ ഹോപ്പിനെ ഇടിച്ചുവീഴ്ത്താനായാല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ലോക റാങ്കിങില്‍ 15ാം സ്ഥാനത്തേക്കുയരാന്‍ ഇന്ത്യന്‍ താരത്തിനാവും. വെയ്ല്‍സിലാണ് ജനിച്ചതെങ്കിലും ഹോപ്പ് പിന്നീട് ആസ്‌ത്രേലിയയിലേക്കു ചേക്കേറുകയായിരുന്നു. മിഡില്‍വെയ്റ്റില്‍ കരിയര്‍ തുട ങ്ങിയ താരം പിന്നീട് സൂപ്പര്‍ മിഡില്‍വെയ്റ്റിലേക്ക് മാറുകയും ചെയ്തു.
ഡബ്യുബിസി മിഡില്‍വെയ്റ്റില്‍ കിരീടം നേടിയ തോടെയാണ് ഹോപ്പ് ശ്രദ്ധേയനായത്. കന്നി പ്രഫഷനല്‍ കിരീടമാണ് വിജേന്ദര്‍ ഇന്നു ലക്ഷ്യമിടുന്നത്. വിജേന്ദറിന്റെ പരിശീലകന്‍ ലീ ബിയേര്‍ഡും ഹോപ്പിന്റെ പരിശീലകന്‍ ഗരെത് വില്ല്യംസുമാണ്.
വിജേന്ദറിന് ജയ് വിളിക്കാന്‍ കായിക, സിനിമാ ലോകമെത്തും
ന്യൂഡല്‍ഹി: കരിയറിലെ കന്നി പ്രഫഷനല്‍ ബോക്‌സിങ് കിരീടം തേടി ഇന്നിറങ്ങുന്ന ഇന്ത്യന്‍ താരം വിജേന്ദര്‍ സിങിനെ പിന്തുണയ്ക്കാന്‍ രാജ്യത്തെ കായിക, സിനിമാ മേഖലയിലെ പ്രമുഖര്‍ ഇന്നു മല്‍സരവേദിയിലെത്തും.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, വനിതാ ബോക്‌സിങ് ഇതിഹാസം എംസി മേരികോം, മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്, നിലവിലെ ടീമംഗമായ സുരേഷ് റെയ്‌ന, മുന്‍ ഓപണര്‍ ഗൗതം ഗംഭീര്‍, ഗുസ്തി ഒളിംപിക് മെഡല്‍ വിജയി സുശീല്‍ കുമാര്‍ എന്നിവരാണ് വിജേന്ദറിന്റെ മല്‍സരം കാണാനെത്തുമെന്ന് അറിയിച്ചത്.
ബോളിവുഡില്‍ നിന്ന് താരത്തിനു പിന്തുണയുമായി ഇര്‍ഫാന്‍ ഖാന്‍, രണ്‍ദീപ് ഹൂഡ, നേഹ ധൂപിയ, ദില്‍ജിത്ത് ദൊസാന്‍ജി, രണ്‍വിജയ് ബാദ്ഷാ, ജിമ്മി ഷെര്‍ഗില്‍ എന്നിവരുമുണ്ടാവും. കൂടാതെ ചില മന്ത്രിമാരും മ ല്‍സരത്തിനെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
ALSO READ rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day