|    Dec 4 Sun, 2016 11:39 am

ട്രോമാകെയര്‍: കോഴിക്കോട് ജില്ലയെ മാതൃകയാക്കാന്‍ യോഗം

Published : 21st November 2016 | Posted By: SMR

കോഴിക്കോട്: ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലയെ മാതൃയാക്കുന്നതിനായി ജില്ലാ കലക്ടറെയും ആര്‍ടിഒയും പോലിസിനെയും സന്നദ്ധസംഘടനകളെയും പങ്കെടുപ്പിച്ച് ആലോചനായോഗം ഉടന്‍ ചേരുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നഗരത്തില്‍ ഈവര്‍ഷം വാഹനാപകടത്തില്‍ മരണപ്പെട്ടവരെ സ്മരിച്ച് ട്രോമാകെയര്‍ കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണചടങ്ങ് ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആംബുലന്‍സുകളുടെ സേവനം എളുപ്പത്തില്‍ ലഭ്യമാവാന്‍ എല്ലാ ആംബുലന്‍സ് സര്‍വീസുകളെയും ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. റോഡ് നിയമങ്ങളെ കുറിച്ചുള്ള ട്രോമാകെയര്‍ പുറത്തിറക്കിയ പുസ്തകം റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമങ്ങള്‍ പാലിക്കണമെന്ന് പറയുന്നവര്‍ തന്നെ പലപ്പോഴും നിയമലംഘനം നടത്തുന്നു. നിയമങ്ങള്‍ പാലിക്കുന്നത് അവനവന് തന്നെയാണെന്ന തോന്നലില്‍ നിന്നാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാവുന്നതെന്നും അദ്ദേഹം ഓ ര്‍മിപ്പിച്ചു. അപകടങ്ങള്‍ സംഭവിച്ച് കൊണ്ടേയിരിക്കുന്നു. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലഹരിവസ്തുക്കളുടെ ഉപയോഗവും റോഡിന്റെ ശോച്യാവസ്ഥയും കാരണങ്ങളായി എടുത്തുപറയേണ്ടതുണ്ട്. പലപ്പോഴും റോഡപകടങ്ങള്‍ സംഭവിക്കുമ്പോള്‍ റോഡ് ഉപരോധിക്കാനാണ് ആളുകള്‍ ശ്രമിക്കാറ്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇവിടെയാണ് ട്രോമകെയറിന്റെ പ്രധാന്യം. ട്രോമാകെയര്‍ പ്രസിഡന്റ് ആര്‍ ജയന്ത് കുമാര്‍ അധ്യക്ഷതവഹിച്ചു. ട്രോമാകെയര്‍ കോഴിക്കോട് രക്ഷാധികാരി കാപ്റ്റന്‍ ദിനകര്‍ കരുണ്‍കര്‍,  വൈസ് പ്രസിഡന്റ് പി ഹേമപാലന്‍, സ്ഥാപക ഡയറക്ടര്‍ സി എം പ്രദീപ് കുമാര്‍, കെ ടി രഘുനാഥ്, ഡോ. പി എം മുഹമ്മദ് നജീബ്, ഡോ. പി എന്‍ അജിത, കെ മുരളീധരന്‍, ഡോ. ഫാബിത് മൊയ്തീന്‍, ഡോ. സുമനാരായണന്‍, ഇ ആര്‍ സത്യകൃഷ്ണന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day