|    Dec 10 Sat, 2016 10:04 pm

ട്രാന്‍സ് പെസഫിക് വ്യാപാര കരാറില്‍ നിന്ന് പിന്‍മാറും: ട്രംപ്

Published : 23rd November 2016 | Posted By: SMR

വാഷിങ്ടണ്‍: താന്‍ അധികാരം ഏറ്റെടുക്കുന്ന ആദ്യ ദിനത്തില്‍ ട്രാന്‍സ് പെസഫിക് പങ്കാളിത്ത വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ല്‍ ധാരണയായെങ്കിലും കരാര്‍ ഇതുവരെ നടപ്പായിട്ടില്ല.
ആദ്യം നടപ്പാക്കേണ്ട തീരുമാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ അനുയായികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും ട്രംപ് വ്യക്തമാക്കി. ആദ്യ 100 ദിന പദ്ധതികളെക്കുറിച്ചുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്രാന്‍സ് പെസഫിക് കരാര്‍ മറ്റുരാജ്യങ്ങള്‍ക്കാണ് ഗുണം ചെയ്യുന്നത്. യുഎസിന് അതൊരു വലിയ വിപത്താണ്. അതുകൊണ്ടാണ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുന്നത്. പകരം ഉഭയകക്ഷി ചര്‍ച്ചകളും നയതന്ത്ര ബന്ധവും കൊണ്ട് തൊഴിലുകളും വ്യവസായങ്ങളും യുഎസിലേക്ക് തിരികെ കൊണ്ടുവരും. കൂടാതെ ഊര്‍ജ ഉല്‍പാദന പരിധികള്‍ ഒഴിവാക്കുക, വ്യവസായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, രാജ്യത്തിനെതിരേയുള്ള സൈബര്‍ ആക്രമണം ചെറുക്കുക, അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ നിഷേധിക്കുന്ന വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് താന്‍ പ്രമുഖ പരിഗണന നല്‍കുകയെന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനത്തിനെതിരേ ജപ്പാന്‍ രംഗത്തെത്തി. യുഎസ് പിന്‍മാറിയാല്‍ കരാര്‍ അര്‍ഥശൂന്യമാവുമെന്ന് ജപ്പാന്‍ പ്രതികരിച്ചു. ട്രാന്‍സ് ഉടമ്പടിയിലുള്ള മറ്റു രാജ്യങ്ങള്‍ ആസ്‌ത്രേലിയ, കാനഡ, ജപ്പാന്‍, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, ചിലി, പെറു, ബ്രൂണയ് എന്നിവയാണ്. പ്രസിഡന്റ് ഒബാമയുടെ വാണിജ്യ തന്ത്രങ്ങളെല്ലാം പൊളിച്ചെഴുതി സമൂല മാറ്റത്തിനാണ് ട്രംപ് കോപ്പുകൂട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക