|    Dec 9 Fri, 2016 11:13 am

ട്രഷറികളില്‍ മിച്ചം 12 കോടി രൂപ മാത്രം

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: ശമ്പളം നല്‍കാന്‍ നോട്ടില്ലാതായതോടെ ട്രഷറികള്‍ കരുതല്‍ധനമായി സൂക്ഷിച്ചിരുന്ന തുകയും ശമ്പള, പെന്‍ഷന്‍ വിതരണത്തിനായി വിനിയോഗിച്ചു. കറന്‍സി ദൗര്‍ലഭ്യമായതിനാല്‍ പെന്‍ഷന്‍കാര്‍ക്ക് 15,000 രൂപ മാത്രം നല്‍കാന്‍ ചില ട്രഷറികള്‍ തീരുമാനിച്ചെങ്കിലും ധനവകുപ്പ് ഇടപെട്ട് തിരുത്തി. 24,000 രൂപ ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കണമെന്നും പണം തീരുന്നതുവരെ ഇത് തുടരണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതേതുടര്‍ന്നാണ് മിക്ക ട്രഷറികളും കരുതല്‍ ധനമായി സൂക്ഷിച്ചിരുന്ന തുകയും ശമ്പള, പെന്‍ഷന്‍ വിതരണത്തിനുപയോഗിച്ചത്. കേന്ദ്രമെത്തിച്ച 111 കോടിയും ട്രഷറിയിലുണ്ടായിരുന്ന മിച്ചവും ചേര്‍ത്ത് മൊത്തം വിതരണംചെയ്തത് 122 കോടിരൂപ. ഇനി ട്രഷറിയിലുള്ളത് കേവലം 12 കോടി രൂപ മാത്രമാണ്. ട്രഷറികള്‍ക്കുമാത്രം 250-300 കോടി രൂപ കിട്ടിയാലേ ഇന്നത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവൂ. ആകെ 4.35 ലക്ഷം പെന്‍ഷന്‍കാരില്‍ 59,000 പേര്‍ക്കു മാത്രമാണ് ഇന്നലെ പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞത്. ഇന്നലെ വാങ്ങിയവരില്‍ ഭൂരിപക്ഷവും ചെറിയ പെന്‍ഷനുള്ളവരാണ്. വലിയ തുക പെന്‍ഷന്‍ കിട്ടുന്നവര്‍ അടുത്ത ദിവസങ്ങളിലാണു വരുക. ആര്‍ബിഐയില്‍നിന്ന് ലഭിച്ച തുകയില്‍ നല്ലൊരു പങ്കും ബാങ്കുകള്‍ കൈവശപ്പെടുത്തിയതോടെയാണു ഗ്രാമപ്രദേശങ്ങളിലെ ദുരിതം ഇരട്ടിയായത്. കരുതിവച്ചിരുന്നതെല്ലാമെടുത്തിട്ടും ആദ്യദിനം ഇതാണു സ്ഥിതിയെങ്കില്‍ വരുംദിവസങ്ങളിലുണ്ടാവാന്‍ പോവുന്ന ഗുരുതരമായ സാഹചര്യത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠ മറച്ചുവയ്ക്കുന്നില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 24,000 രൂപ ഓരോരുത്തരുടെയും അവകാശമാണ്. അതു നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല. തോട്ടം തൊഴിലാളികളുടെ കാര്യത്തില്‍ വേതനത്തിനുള്ള തുക തൊഴിലുടമ കലക്ടറുടെ അക്കൗണ്ടില്‍ നല്‍കിയാല്‍ കറന്‍സി തരപ്പെടുത്തി നല്‍കാനുള്ള ശ്രമം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day