|    Dec 9 Fri, 2016 11:12 am

ട്രഷറികളില്‍ പണമെത്തിയില്ല; ശമ്പള, പെന്‍ഷന്‍ വിതരണം ഭാഗികം

Published : 2nd December 2016 | Posted By: SMR

നിഷാദ്  എം  ബഷീര്‍

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള ബാങ്കുകളിലെയും ട്രഷറികളിലെയും ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം താറുമാറായി. റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെത്തുടര്‍ന്നു ഭാഗികമായി മാത്രമാണു ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനായത്.
മതിയായ പണം ലഭിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ വഷളാവും. ആദ്യ ശമ്പളദിനമായ ഇന്നലെ രാവിലെ വിതരണത്തിനു തരാമെന്ന് ആര്‍ബിഐ സമ്മതിച്ച പണത്തിന്റെ പകുതിയാണ് ഉച്ചയായിട്ടും ട്രഷറികളിലെത്തിച്ചത്. ഗ്രാമങ്ങളിലാണു രൂക്ഷമായ പ്രതിസന്ധി അനുഭവപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിലെ 42 ട്രഷറികളില്‍ ഉച്ചവരെ ഒരു പൈസപോലുമെത്തിയില്ല. ഇതേത്തുടര്‍ന്നു കോര്‍ ബാങ്കിങ് സംവിധാനം ഉപയോഗപ്പെടുത്തി പണമുള്ള ട്രഷറികളില്‍നിന്നു പിന്‍വലിക്കാന്‍ ശമ്പള, പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. രാവിലെ തന്നെ മിക്ക ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ടോക്കണ്‍ അടിസ്ഥാനത്തില്‍ കുറച്ചുപേരെ മാത്രമായാണു ട്രഷറികളിലേക്കു കടത്തിവിട്ടത്. 1,000 കോടി രൂപ ആദ്യദിനം നല്‍കാമെന്നായിരുന്നു റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നല്‍കിയിരുന്ന ഉറപ്പ്. ഇതില്‍ 500 കോടി രൂപ ട്രഷറിക്ക് നോട്ടായി നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാവിലെയോടെ ആര്‍ബിഐ നല്‍കിയത് 500 കോടി രൂപ മാത്രമായിരുന്നു. ഇതില്‍ നിന്നു പകുതി തുക നല്‍കാന്‍ കഴിയില്ലെന്നു ബാങ്കുകള്‍ നിലപാടെടുത്തതോടെ ഇന്നലത്തെ ആവശ്യങ്ങള്‍ക്കായി മാത്രം ട്രഷറികള്‍ക്ക് 167 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ 111 കോടി രൂപ മാത്രമാണു ലഭിച്ചത്. ഇതില്‍ 22 കോടിയും ഉച്ചയ്ക്കുശേഷമാണു കിട്ടിയത്.
ആറുമണിവരെ പ്രവര്‍ത്തിച്ച ട്രഷറികള്‍ അടയ്ക്കുമ്പോഴും നാട്ടിന്‍പുറങ്ങളിലെ 12 ട്രഷറികളില്‍ ആദ്യദിനം പണമെത്തിയില്ല. 10 ട്രഷറികളില്‍ പണമെത്തിയതാവട്ടെ ഉച്ചയ്ക്കുശേഷവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day