|    Dec 8 Thu, 2016 11:28 am

ട്രഷറികളില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തും: മന്ത്രി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: 2016 ഡിസംബര്‍ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളിലും കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഒക്ടോബര്‍ 20 വരെ 163 ട്രഷറികളില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതിപിരിവ് സാധ്യമായിട്ടുള്ളൂ. 19.39 ശതമാനം നികുതിവര്‍ധനയാണ് പ്രതീക്ഷിക്കുന്നതെങ്കിലും 15 ശതമാനത്തിനു മുകളിലേക്ക് വര്‍ധിക്കാന്‍ സാധ്യതയില്ല. അപ്പീല്‍ പരിധിയില്‍ 4,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. ഇതിനായി അപ്പീല്‍ കോടതികള്‍ കൂടുതലായി സ്ഥാപിച്ച് ഇവ പിരിച്ചെടുക്കും. 2,000 കോടി രൂപയുടെ നികുതി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് ഓംബുഡ്‌സ്മാനെ നിയോഗിക്കുന്നത് പരിശോധിക്കും. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മാഫിയാസംഘങ്ങള്‍ പെരുകുന്നുണ്ട്. ഇവിടെ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുകയും കാമറകള്‍ സ്ഥാപിച്ച് നികുതി വെട്ടിച്ചുള്ള കടത്ത് തടയാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
ചെക്‌പോസ്റ്റ് വഴിയുള്ള അഴിമതി തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 68 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എട്ടുപേര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഏഴ് ചെക്‌പോസ്റ്റുകളെ ഡാറ്റാ കലക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററാക്കി മാറ്റും. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്കായി സംസ്ഥാന ജിഎസ്ടിയുടെയും കേന്ദ്ര ജിഎസ്ടിയുടെയും ഭരണനിര്‍വഹണം ഒരൊറ്റ നികുതി അധികാരി തന്നെ നടപ്പാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സേവനമേഖലയില്‍ പുതുതായി സംസ്ഥാനത്തിനു നികുതി ചുമത്തേണ്ടിവരുകയാണെങ്കില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പുനസ്സംഘടന വേണ്ടിവരുമെന്നും വിപി സജീന്ദ്രന്‍, റോജി എം ജോണ്‍, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, എം വിന്‍സന്റ്, വി കെ സി മമ്മദ്‌കോയ, വി ഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ശബരീനാഥ്, കെ കൃഷ്ണന്‍കുട്ടി, അനില്‍ അക്കരെ, ടി വി രാജേഷ് എന്നിവരെ മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day