|    Dec 6 Tue, 2016 6:19 am
FLASH NEWS

ടോം ജോസിനെതിരായ നടപടി: ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും രണ്ടു തട്ടില്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെച്ചൊല്ലി ചീഫ് സെക്രട്ടറിയും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസം. ചവറ കെഎംഎല്‍എല്ലില്‍ മഗ്‌നീഷ്യം ഇറക്കുമതി ചെയ്ത ഇടപാടിലും അധികസ്വത്ത് സമ്പാദിച്ച വിഷയത്തിലും കേസില്‍ ഉള്‍പ്പെട്ട ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്യണെമന്നാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
ഈ റിപോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി മുഖേന ഇതു സര്‍ക്കാരിനു കൈമാറണം. ഇതിനിടയിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തമ്മിലെ അഭിപ്രായ ഭിന്നത മറനീക്കിയത്. വിജിലന്‍സ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ടോം ജോസിനെതിരേ നടപടി സ്വീകരിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്.
എന്നാല്‍, വിജിലന്‍സ് ശുപാര്‍ശയോടൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടോം ജോസിനെ കുറ്റവിമുക്തനാക്കി ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപോര്‍ട്ട് കൂടി പരിഗണിച്ചു വേണം നടപടിയെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് എന്നറിയുന്നു. ഇതോടെ ടോം ജോസിനെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാവും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ അധികസ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡിയാണ് റിപോര്‍ട്ട് നല്‍കിയത്. ഇതില്‍ ചീഫ് സെക്രട്ടറിയുടെ നിലപാടു കൂടി പരിഗണിച്ചാണ് സൂരജിനെ യുഡിഎഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സൂരജ് സര്‍വീസില്‍ ഇരിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.
സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ടോം ജോസിന്റെ കാര്യത്തിലുമുള്ളത്. എങ്കിലും എന്തു നടപടിയെടുക്കണമെന്നതിനെച്ചൊല്ലി ആശയക്കുഴപ്പമുണ്ടാക്കുന്നത് ഐഎഎസ് ലോബിയുടെ സമ്മര്‍ദഫലമായാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day