|    Dec 8 Thu, 2016 11:24 am

ടൈറ്റാനിയം അഴിമതി: അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദത്തിനു കാരണമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസില്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.
നിരന്തരം ആവശ്യപ്പെട്ടിട്ടും മൊഴിയെടുക്കാന്‍ ഹാജരാവാത്ത മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ തിരുമാനിച്ചതായും വിജിലന്‍സ് അന്വേഷണസംഘം കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞ്, എ സുജനപാല്‍, മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരാണ് കേസില്‍ ആരോപണവിധേയരായ നേതാക്കള്‍. ഇവരുടെ പങ്ക് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഇന്നലെ ഹാജരാക്കണമെന്നായിരുന്നു വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നത്.
2005ല്‍  ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
ടൈറ്റാനിയം പ്രൊഡക്ട്‌സിന്റെ എംഡി, മുന്‍ എംഡി ഈപ്പന്‍ ജോസഫ്, ചീഫ് മാനേജര്‍-മാര്‍ക്കറ്റിങ് സന്തോഷ് കുമാര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ എം ഭാസ്‌കരന്‍, മുന്‍ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍മാരായ തോമസ് മാത്യു, ബി ഗോപകുമാരന്‍ നായര്‍ എന്നിവരെ പ്രതിചേര്‍ത്തായിരുന്നു ഈ പരാതി.
പിന്നീട്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹീംകുഞ്ഞ്, മുന്‍ ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത് ജയന്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരില്‍ നിന്ന് പുതിയ പരാതി ലഭിച്ചു.
ഈ പരാതികളെല്ലാം ഒന്നിച്ചു പരിഗണിച്ചാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുണ്ടായത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും വ്യക്തമാക്കി. ടൈറ്റാനിയത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ 80 കോടി രൂപയുടെ അഴിമതി നടന്നെന്ന പ്രാഥമിക റിപോര്‍ട്ട് നേരത്തേ വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day