|    Dec 10 Sat, 2016 6:14 pm

‘ടൈകോണ്‍ 2016’ യുവസംരംഭക സമ്മേളനത്തിന് തുടക്കം

Published : 19th November 2016 | Posted By: SMR

കൊച്ചി: പുതിയ സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന ധീരരായ യുവതലമുറയുടെ കൈകളിലാണ് സംസ്ഥാനത്തിന്റെ ഭാവി എന്നിരിക്കെ, യുവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ശക്തമായ അടിത്തറ നല്‍കുന്ന ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി. ലെ മെരിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഞ്ചാമത് ടൈകോണ്‍ കേരളാ സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിലെ സംരംഭങ്ങളുടെയും വ്യവസായങ്ങളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ആരോഗ്യകരമായ വ്യവസ്ഥിതി സൃഷ്ടിക്കുന്ന പുതിയ വ്യവസായനയം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ക്രോഢീകരിക്കുന്ന പ്രക്രിയയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കാന്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ പൊതുവായ ഫോമുകള്‍വഴി അപേക്ഷകള്‍ സ്വീകരിച്ച് ധ്രുതഗതിയില്‍ തീരുമാനം കൈക്കൊള്ളാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. സമയബന്ധിതമായി ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടനെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ ചെയര്‍മാന്‍ രവി വെങ്കടേശന്‍ മുഖ്യപ്രഭാഷണം നടത്തി. അഞ്ചാമത് ടൈ കേരളയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ടൈ കേരളാ പ്രസിഡന്റ് രാജേഷ് നായര്‍ വിശദീകരിച്ചു. ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് എം എസ് എ കുമാര്‍, വൈസ് പ്രസിഡന്റ് അജിത്ത് മൂപ്പന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ ടൈ കേരള ഏര്‍പെടുത്തിയിട്ടുള്ള അവാര്‍ഡ് ദാന ചടങ്ങ് വൈകീട്ട് നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക