|    Dec 8 Thu, 2016 9:33 pm
FLASH NEWS

ടെക്‌നോപാര്‍ക്ക് വരെയുള്ള അടിപ്പാതാ നിര്‍മാണത്തില്‍ തീരുമാനമായില്ല

Published : 27th October 2016 | Posted By: SMR

കഴക്കൂട്ടം: കഴക്കൂട്ടം-മുക്കോല ദേശീയപാത ബൈപാസ് നാലുവരിപ്പാതയാക്കുന്നതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാക്ക കൂടാതെ ബൈപാസ് കടന്നുപോവുന്ന തിരക്കേറിയ മൂന്ന് ജങ്ഷനുകളില്‍ അടിപ്പാത നിര്‍മിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി. എന്നാല്‍ ബൈപാസിലെ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് വരെയുള്ള അടിപ്പാത നിര്‍മിക്കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം നീണ്ടുപോവുകയാണ്. ബൈപാസ് നാലു വരിപ്പാതയാക്കുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചിരുന്നു. റോഡ് നിര്‍മിക്കാനായി ആക്കുളത്തെ നിഷിന്റെ സ്ഥലത്തു നിന്നു മണലെടുക്കുന്നതായി ബന്ധപ്പെട്ടും ബൈപാസില്‍ ഇന്‍ഫോസിസിന് മുന്നിലെ ചെറിയ പാലം നിര്‍മാണത്തിനെതിരേയും പ്രദേശവാസികളായവരില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതു കാരണം ഏതാനം ദിവസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍മാണം നടന്നിരുന്നില്ല. കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള നാലുവരിപ്പാതാ റോഡിന്റെ നിര്‍മാണം ദ്രുതഗതിയിലാണു നീങ്ങുന്നത്. കഴക്കൂട്ടം മുതല്‍ ഏകദേശം ചാക്ക വരെയുള്ള റോഡിന്റെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി. രണ്ടു വശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവുംപൂര്‍ത്തിയായി വരുന്നു. ഈ ഭാഗത്തുള്ള ആക്കുളം കായലിനെ മറികടക്കുന്ന കൂറ്റന്‍ പാലത്തിന്റെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. പാലത്തിന്റെ പില്ലറിന് മുകളിലായി കൂറ്റന്‍ ബീം ഇതിനകം ക്രെയിന്‍ ഉപയോഗിച്ച് കയറ്റി വച്ചു. ഇതിന് മുകളിലായി ഇനി കോണ്‍ക്രീറ്റ് ചെയ്ത് കഴിയുന്നതോടെ പാലം ഏറക്കുറെ പൂര്‍ണതയിലെത്തും. ചാക്ക റെയില്‍വേ മേല്‍ പ്പാലത്തിന്റെയും പില്ലര്‍ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. ഇന്‍ഫോസിസിന് മുന്നിലുള്ള പാലത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാവുകയും ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്യ്തു. നേരത്തെ ബൈപാസ് നിര്‍മാണത്തോടൊപ്പം ചാക്കയില്‍ മാത്രമാണ് അടിപ്പാത നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരക്കേറിയ ഈഞ്ചക്കല്‍ ജങ്ഷന്‍, വെണ്‍ പാലവട്ടം, കല്ലുംമൂട് ജികെ ജങ്ഷന്‍ എന്നിവിടങ്ങളില്‍ക്കൂടി അടിപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. നാലുവരിപ്പാത പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഈ അടിപ്പാതകളും പൂര്‍ത്തിയാവുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ബൈപാസ് വികസനത്തിന്റെ പ്രധാന ഭാഗമായ കഴക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടം വരെയുള്ള അടിപ്പാത നിര്‍മാണം നീണ്ടുപോവുകയാണ്. ഇവിടെ 1.2 കിലോമീറ്റര്‍ അടിപ്പാത നിര്‍മിക്കാനായുള്ള രൂപരേഖ ദേശീയപാതാ അതോറിറ്റി ഏഴു മാസങ്ങള്‍ക്ക് മുമ്പു തന്നെ സമര്‍പ്പിച്ചിരുന്നു. നാളിത് വരെ ഇതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് ദേശീയപാത വിഭാഗം അറിയിച്ചത്. ഈ അടിപ്പാത നടപ്പായാല്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ അടിപ്പാതയായി മാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day