|    Dec 4 Sun, 2016 7:44 pm

ടൂറിസ്റ്റുകള്‍ക്ക് കട്ടിലും കുടയും; തദ്ദേശീയരെ അവഗണിച്ചെന്നു പരാതി

Published : 17th November 2016 | Posted By: SMR

കോവളം: വിനോദസഞ്ചാരികള്‍ക്കു കട്ടിലും കുടയും വാടകയ്ക്കു നല്‍കുന്നതിനുള്ള ലൈസന്‍സുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണു നടക്കുന്നതെന്ന് ആരോപണം ഉയരുന്നതിനിടെ പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറും വിഴിഞ്ഞത്തെ പോര്‍ട്ട് പര്‍സറും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്നു പര്‍സറെ സ്ഥലംമാറ്റി. ഇങ്ങനെ ലൈസന്‍സ് ലഭിച്ചവരില്‍ ചിലര്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണു ലൈസന്‍സ് നേടിയതെന്നും ആരോപണമുണ്ട്. ഇതില്‍ ഒരാള്‍ പ്രദേശത്തെ ഒരു വീടിന്റെ അഡ്രസ്സില്‍ വീട്ടുടമ അറിയാതെ റേഷന്‍കാര്‍ഡ് തരപ്പെടുത്തിയതിനെ തുടര്‍ന്നു വീട്ടുടമ കോവളം പോലിസില്‍പരാതിയും നല്‍കിയിട്ടുണ്ട്. അന്തര്‍ദേശീയ ടൂറിസം കേന്ദ്രമായ കോവളത്ത് സണ്‍ബാത്തിനെത്തുന്നവര്‍ക്ക് കട്ടിലും കുടയും വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സ് നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്കു നല്‍കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് നിലവിലുള്ളപ്പോള്‍ ഇത് ലംഘിച്ച് മറ്റു സ്ഥലങ്ങളിലുള്ള ചിലര്‍ക്കും ലൈസന്‍സ് അനുവദിക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതാണു പര്‍സറുടെ കസേര തെറിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തദ്ദേശീയര്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹോട്ടല്‍, റേസ്റ്റാറന്റ് എന്നിവ ഒഴികെയുള്ള അനുബന്ധ തൊഴിലുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശീയര്‍ക്ക് നല്‍കണമെന്നു സര്‍ക്കാര്‍ഉത്തരവിറക്കിയത്. ഈ ഉത്തരവ് അട്ടിമറിച്ച് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കു ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശം നല്‍കിയ മേലുദ്യോഗസ്ഥന്റെ നടപടി വിവാദമായിരിക്കുകയാണ്. ജില്ലയില്‍ 100ലധികം പേര്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. കോവളം കേന്ദ്രീകരിച്ച് വിഴിഞ്ഞത്തെ ചെറിയ മണല്‍, ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, ഗ്രോവ് ബീച്ച്, അടിമലത്തുറ എന്നിവിടങ്ങളിലായി അമ്പതോളം പേര്‍ക്കാണു ലൈസന്‍സ് നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തെ കാലാവധിയിലാണ് ലൈസന്‍സ് നല്‍കുന്നത്. ഒരാള്‍ക്ക് ആറു കട്ടിലുകള്‍ക്കും മൂന്നു കുടകള്‍ക്കുമുള്ള ലൈസന്‍സാണ് അനുവദിക്കുന്നത്.  2010 മുതലാണു കട്ടിലും കുടയും വാടകയ്ക്ക് നല്‍കുന്നതിനു തുറമുഖ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. അന്ന് അപേക്ഷകരില്‍ തദ്ദേശീയരുടെ എണ്ണം കുറവായിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും ലൈസന്‍സ് നല്‍കിയിരുന്നു, ഇതിന്റെ മറപിടിച്ച് ഈ വര്‍ഷവും ലൈസന്‍സിന് അപേക്ഷ നല്‍കിയവരില്‍ തദ്ദേശീയരായവരുടെ അപേക്ഷകള്‍ പരിഗണിക്കാതെയാണ് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കു ലൈസന്‍സ് നല്‍കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day