|    Dec 11 Sun, 2016 1:26 pm
FLASH NEWS

ടിപ്പു ജയന്തി; കുടകില്‍ കനത്ത ജാഗ്രത

Published : 7th November 2016 | Posted By: SMR

ഇരിട്ടി: കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കുടക് ജില്ലയില്‍ കനത്ത ജാഗ്രത. ഈമാസം 9,10 തിയ്യതികളില്‍ ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നടപടി. ജില്ലാ ആസ്ഥാനമായ മടിക്കേരി, പ്രധാന നഗരങ്ങളായ വീരാജ്‌പേട്ട, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ദ്രുതകര്‍മസേന ഇന്നലെ റൂട്ട് മാര്‍ച്ച് നടത്തി.
നവംബര്‍ പത്തിനാണ് സംസ്ഥാന വ്യാപകമായി ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്കിടെ കുടകില്‍ വ്യാപകമായ സംഘര്‍ഷം ഉണ്ടാവുകയും ഇരുവിഭാഗത്തിലുംപെട്ട നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ശക്തമായ മുന്‍കരുതല്‍ നടപടിയുമായി പോലിസ് മുന്നോട്ടുവന്നിരിക്കുന്നത്. ജില്ലാ ആസ്ഥാനമായ മടിക്കേരിയില്‍ ഉന്നത പോലിസ് മേധാവികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയോട് ചേര്‍ന്നുകിടക്കുന്ന മൈസൂരു, ഹാസന്‍, മംഗളൂരു, കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കും. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ടിപ്പുജയന്തി ആഘോഷം നടത്തുന്നുണ്ടെങ്കിലും കുടകിലാണ് സംഘപരിവാരത്തിന്റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നത്. ടിപ്പുജയന്തി ആഘോഷത്തില്‍നിന്നു സര്‍ക്കാരിനെ പന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടകില്‍നിന്നു കെ പി മഞ്ജുനാഥ എന്നയാള്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു.
ടിപ്പു ജയന്തി കര്‍ണാടകയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും കുടക് ജനതയുടെ വികാരം വ്രണപ്പെടുത്തുമെന്നുമാണ് ഹരജിക്കാരുടെ വാദം. അതേസമയം എതിര്‍പ്പുകള്‍ ഭയന്ന് ആഘോഷത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള കര്‍ണാടക ആസൂത്രണ മന്ത്രി എം ആര്‍ സീതാറാം വ്യക്തമാക്കി. ജില്ലയില്‍ ക്രമസമാധാന പാലനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. നിയമത്തെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക