|    Dec 10 Sat, 2016 12:23 pm

ടിപ്പു ജയന്തി ആഘോഷിക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍: കലാപത്തിന് വിത്തിട്ട് സംഘ്പരിവാര്‍

Published : 30th October 2016 | Posted By: Navas Ali kn

tippu

ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും സംസ്ഥാന വ്യാപകമായി ‘ടിപ്പു ജയന്തി’ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ടിപ്പുസുല്‍ത്താന്റെ ജന്മദിനമായ നവംബര്‍ 10ന് ആണ് ആഘോഷം. ഇതിനായി 60 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. സാംസ്‌കാരിക വകുപ്പിനാണ് ഇതിന്റെ ചുമതല. ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇതിനെതിരില്‍ സംഘപരിവാര്‍ ഭീഷണിയുമായി രംഗത്തു വന്നിട്ടുണ്ട്. ബിജെപിക്കു പുറമെ ശ്രീറാം സേനാ തലവന്‍ പ്രമോദ് മുത്തലിക്കും കടുത്ത വര്‍ഗീയ പ്രസ്താവനകളുമായി രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം കുടക് ജില്ലയില്‍ ടിപ്പു ജയന്തി ആഘോഷത്തിനിടെ സംഘ്പരിവാര്‍ നടത്തിയ അക്രമം കലാപത്തിനു കാരണമായിരുന്നു.
എന്നാല്‍ സംഘ്പരിവാര്‍ ഭീഷണി വകവെക്കാതെ ആഘോഷവുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനിയാണെന്നും ജയന്തി ആഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ടിപ്പു ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാര്‍ നടത്തിയ ബന്ദ് അക്രമാസക്തമായിരുന്നു. അതേസമയം ടിപ്പു ജയന്തിയെ എതിര്‍ക്കുന്നതിന്റെ മറവില്‍ മുസ്ലിം വിരുദ്ധ സഖ്യമുണ്ടാക്കാനും കര്‍ണ്ണാടകയില്‍ സംഘപരിവാര്‍ ശ്രമം തുടങ്ങി. ടിപ്പു ജയന്തിക്കെതിരെ കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ്സിനൊപ്പം നിന്ന ക്രിസ്ത്യന്‍ സംഘടനകളെ ഇത്തവണയും കൂടെ നിര്‍ത്താനാണ് സംഘപരിവാറിന്റെ നീക്കം. കഴിഞ്ഞവര്‍ഷത്തത്തെ ടിപ്പു ജയന്തി വിരുദ്ധ കലാപങ്ങളില്‍ ആര്‍എസ്എസ്സിനൊപ്പം തെരുവിലിറങ്ങാനും ജയന്തി ദിനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനും ‘യുണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍’ ഉണ്ടായിരുന്നു. തുടക്കത്തില്‍ വേറിട്ട് നിന്നുകൊണ്ട് ജയന്തി വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ട ആര്‍എസ്എസും യുണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷനും പിന്നീട് കൈകോര്‍ക്കുകയായിരുന്നു. ഈ വര്‍ഷവും പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കി മുസ്ലിം വിരുദ്ധ സഖ്യം ഉറപ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,534 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day