|    Dec 4 Sun, 2016 11:39 am

ജോലി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജം; മലയാളി നഴ്‌സ് സൗദി ജയിലില്‍

Published : 4th November 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: സൗദിയില്‍ ജോലി നേടുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച മലയാളി നഴ്‌സ് മാസങ്ങളായി ജയിലില്‍. കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരുകയായിരുന്ന കോട്ടയം പാലാ സ്വദേശിനിയാണ് അല്‍ഹസ ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ജോലിക്കെത്തിയത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ ബിഎസ്‌സി സര്‍ട്ടിഫിക്കറ്റിനൊപ്പം മുമ്പ് നാട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്നതിനായി സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു. സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന്റെ അംഗീകാരം നേടുന്നതിനായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഡല്‍ഹിയിലെ ഒരു ആശുപത്രിയുടെ പേരില്‍ നാട്ടിലെ സ്വകാര്യ ഏജന്റുമാര്‍ പണം വാങ്ങി തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു ഇവര്‍ ഹാജരാക്കിയത്. ഹെല്‍ത്ത് കമ്മീഷന്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഡല്‍ഹിയിലെ ആശുപത്രി അധികൃതര്‍ക്ക് അയച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍ മറുപടി നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനുള്ള ശിക്ഷാനടപടികള്‍ക്കായി രേഖകള്‍ സൗദി ഹെല്‍ത്ത് കമ്മീഷന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി ഉത്തരവുപ്രകാരം ജയിലിലാക്കി. സപ്തംബര്‍ ആദ്യവാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വ്യാജ രേഖയുമായി ബന്ധപ്പെട്ട കേസായതിനാല്‍ എംബസിക്കു നേരിട്ട് ഇടപെടല്‍ സാധ്യമല്ല. ശിക്ഷാകാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് നാടുകടത്തല്‍കേന്ദ്രം മുഖേന യുവതിയെ നാട്ടിലേക്കയക്കുമെന്നാണു സൂചന.
സൗദി ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കു ജോലിതേടിയെത്തുന്നവര്‍ പലപ്പോഴും സ്വകാര്യ ഏജന്റുമാരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ഇത്തരത്തി ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നത്. ജോലിക്കായി വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നതിനാല്‍ സൗദിയിലേക്കു ജോലി തേടി വരുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇതേക്കുറിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളും നോര്‍ക്കയും ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day