|    Dec 6 Tue, 2016 11:33 am
FLASH NEWS

ജൈവ പപ്പായ കൃഷിയിലൂടെ യുവകര്‍ഷകന്‍ ശ്രദ്ധേയനാവുന്നു

Published : 29th November 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ വേറിട്ട കൃഷികള്‍ നടത്തി വിജയം കൈവരിച്ച യുവകര്‍ഷകന്റെ പപ്പായ കൃഷിയും ശ്രദ്ധയാകര്‍ഷിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കുന്നിന്‍മുകളില്‍ ജൈവരീതിയല്‍ പപ്പായത്തൈകള്‍ നട്ടുപിടിപ്പിച്ച് വിളവെടുപ്പ് നടത്തിയാണ് തോട്ടോളി അയൂബ് വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നത്. വിളവെടുക്കുന്ന പപ്പായ ഇതര ജില്ലകളിലേക്കാണ് പ്രധാനമായി കയറ്റി അയക്കുന്നത്. തരുവണ ആറുവാള്‍ തോട്ടോളി അയൂബ് എന്ന യുവകര്‍ഷകന്‍ വേറിട്ട കൃഷിരീതിയിലൂടെ ഇതിനോടകം തന്നെ ശ്രദ്ധേയനാണ്. കഴിഞ്ഞവര്‍ഷം വയലില്‍ ഉള്ളി കൃഷി നടത്തി വിജയം കൊയ്ത അയൂബ് ഈ വര്‍ഷം എടവകയിലെ എട്ടേക്കറോളം സ്ഥലത്ത് വിവിധയിനം കൃഷികളാണ് നടത്തിയിരിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായതും ഇപ്പോള്‍ വിളവെടുപ്പ് ആരംഭിച്ചതും പപ്പായ കൃഷിയാണ്. ജില്ലയില്‍ ആരുംതന്നെ വാണിജ്യാടിസ്ഥാനത്തില്‍ ജൈവരീതിയല്‍ കൃഷി ചെയ്യാത്ത ഇനമാണ് പപ്പായ. ഇവിടെ അര ഏക്കറോളം വരുന്ന കുന്നിന്‍പ്രദേശമാണ് പപ്പായ കൃഷിക്കായി അയൂബ് തിരഞ്ഞെടുത്ത്. രണ്ടുമീറ്റര്‍ അകലം പാലിച്ചുകൊണ്ട് തായ്‌ലന്റ് ഇനമായ റെഡ്‌ലേഡി വിഭാഗത്തില്‍ പെട്ട 600ഓളം പപ്പായത്തൈകളാണ് ഇവിടെ വച്ചുപിടിപ്പിച്ചത്. നാടന്‍ പപ്പായയെ പോലെ പഴമായിക്കഴിഞ്ഞാല്‍ പെട്ടെന്നു കേടുവരാതെ അഞ്ചു ദിവസത്തോളം സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നട്ടതിനു ശേഷം കൃത്യമായി ഡ്രിപ്‌ലൈന്‍ വഴി ജലസേചനം നടത്തി മൂന്നരമാസം കൊണ്ട് ചെടികള്‍ പൂവിടുകയും ആറുമാസം കൊണ്ട് വിളവെടുപ്പിന് പാകമാവുകയും ചെയ്തു. ഒരുമീറ്റര്‍ മാത്രം ഉയരമുള്ള ചെടികളാണ് വിളവെടുക്കാന്‍ പാകമാവവുന്നത്. പ്രധാനമായി ചാണകവളം നല്‍കുന്നതിനായി മാത്രം രണ്ടു നാടന്‍ പശുക്കളെയാണ് അയൂബ് വളര്‍ത്തുന്നത്. ചാണകത്തിനു പുറമെ കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവയും പപ്പായക്ക് പ്രയോഗിക്കുന്നു. വിളവെടുപ്പ് കാലത്ത് ഇത്രയും ചെടികളില്‍ നിന്നായി ക്വിന്റല്‍ കണക്കിന് പാതി പഴുത്ത പപ്പായയാണ് പറിക്കുന്നത്. ഇതു കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പഴക്കടകളിലേക്കും അയൂബിന്റെ ട്രേഡ് മാര്‍ക്കറിയാവുന്ന ആവശ്യക്കാര്‍ക്കുമാണ് വില്‍ക്കുന്നത്. ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഔഷധഗുണമേറെയുള്ള പപ്പായക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടര്‍ച്ചയായി രണ്ടുവര്‍ഷം വരെ ഈ ചെടികളില്‍ നിന്നു വിളവെടുക്കാമെന്നതും സാമ്പത്തികച്ചെലവേറെയുള്ള പരിചരണങ്ങള്‍ വേണ്ടതില്ലെന്നതുമാണ് സവിശേഷത. ഏതായാലും മണ്ണിന്റെ മനസ്സറിഞ്ഞ് ഏറെ പഠനങ്ങള്‍ക്കു ശേഷം അയൂബ് നടത്തിവരുന്ന കൃഷിരീതികളില്‍ മറ്റൊരു വിജയമായി മാറിയിരിക്കുകയാണ് ജില്ലയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പപ്പായ കൃഷി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day