|    Dec 4 Sun, 2016 9:44 pm
FLASH NEWS

ജേക്കബ് തോമസ്: പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബാലന്‍; നോമിനിയാക്കുകയാണെന്ന് രമേശ്

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു ജേക്കബ് തോമസ് തുടരണമെന്ന് സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് ഇത്തരത്തിലൊരു സബ്മിഷന്‍ ഉന്നയിക്കരുതായിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നെന്ന് ആരോപിച്ചിട്ടില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയാണ്. ഉചിതമായ സമയത്തു മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ബാലന്‍ വ്യക്തമാക്കി.
അതേസമയം, പാര്‍ട്ടിയുടെ ആനുകൂല്യം ലഭിച്ച ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമെന്ന് സബ്മിഷന്‍ അവതരിപ്പിച്ച് ചെന്നിത്തല ചോദിച്ചു. ജേക്കബ് തോമസിന്റെ രാജിക്കത്ത് മന്ത്രിസഭ പരിഗണിക്കുന്നതിനു മുമ്പ് സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുത്തത് അസാധാരണ സംഭവമാണ്. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.
വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം സെക്രട്ടേറിയറ്റല്ല. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ്. സിപിഎം തീരുമാനിച്ചാല്‍ ആനുകൂല്യം കിട്ടുന്ന വ്യക്തിക്ക് എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിയും. നാളെ സിപിഎം പറയുന്നപോലെ സ്വജനപക്ഷപാതത്തോടെ മാത്രമേ ജേക്കബ് തോമസ് പ്രവര്‍ത്തിക്കൂവെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റംപറയാനാവില്ല. കഴിഞ്ഞദിവസങ്ങളില്‍ ക്ലിഫ് ഹൗസില്‍ പറന്ന തത്ത ഇനിമുതല്‍ എകെജി സെന്ററിലാവും പറക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കേണ്ട വിജിലന്‍സ് ഡയറക്ടറെ പാര്‍ട്ടിയുടെ നോമിനിയാക്കാനാണു ശ്രമം. വിജിലന്‍സ് ഡയറക്ടര്‍ ഓരോദിവസവും മാധ്യമങ്ങളിലൂടെ ചീപ്പായി കാര്യങ്ങള്‍ പറയുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്താവും ബ്യൂറോക്രസിയുടെ അവസ്ഥ. ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും കാണിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന് ഏതു കാര്‍ഡ് കാണിക്കുമെന്നാണു ജനങ്ങള്‍ ചിന്തിക്കുന്നത്. ഇവിടെ ഭരിക്കേണ്ടത് മന്ത്രിമാരാണ്, ഉദ്യോഗസ്ഥരല്ലെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day