|    Oct 28 Fri, 2016 11:24 pm
FLASH NEWS

ജെജെ ഹീറോ; ഇന്ത്യ സേഫ്

Published : 1st January 2016 | Posted By: SMR

തിരുവനന്തപുരം: ആറു തവണ ചാംപ്യന്‍മാരായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഏഴാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇന്നലെ നടന്ന ആവേശകരമായ ഒന്നാം സെമി ഫൈനലില്‍ മാലദ്വീപിന്റെ വെല്ലുവിളി അതിജീവിച്ചാണ് ബ്ലൂ ടൈഗേഴ്‌സ് കലാശക്കളിക്ക് അര്‍ഹത നേടിയത്. അഞ്ചു ഗോളുകള്‍ കണ്ട സെമിയില്‍ ഇന്ത്യ 3-2നു മാലദ്വീപിനു മടക്കടിക്കറ്റ് നല്‍കുകയായിരുന്നു.
ഇരട്ടഗോളോടെ ജെജെ വലാല്‍പെഖ്‌ലുവ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍പിടിച്ചപ്പോള്‍ ആദ്യഗോള്‍ സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. അഹ്മദ് നഷിയും അംദാന്‍ അലിയുമാണ് മാലദ്വീപിനായി ലക്ഷ്യംകണ്ടത്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഇതിനേക്കാള്‍ വലിയ മാര്‍ജിനി ല്‍ ഇന്ത്യ ജയിക്കേണ്ടതായിരു ന്നു. എന്നാല്‍ ഗോളി ഇംറാന്‍ മുഹമ്മദിന്റെ ചില ഉജ്ജ്വല സേവും ഫിനിഷിങിലെ പിഴവും ഇന്ത്യക്കു ഗോള്‍ നിഷേധിച്ചു.
ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടും. ഇന്നലെ വൈകീട്ട് നടന്ന തികച്ചും ഏകപക്ഷീയമായ രണ്ടാം സെമിയില്‍ ശ്രീലങ്കയെ 5-0നു കശാപ്പുചെയ്താണ് അഫ്ഗാന്‍ മുന്നേറിയത്.
കഴിഞ്ഞ സാഫ് കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഇത്തവണത്തെ കലാശപ്പോര്. അന്ന് അഫ്ഗാന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ ഞെട്ടിച്ച് കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു.
ഇന്നലത്തെ ഇന്ത്യ-മാലദ്വീപ് സെമി കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. 25ാം മിനിറ്റില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം അക്കൗണ്ട് തുറന്നത്. യുജെന്‍സന്‍ ലിങ്‌ദോയുടെ ഗോളെന്നുറച്ച ഷോട്ട് മാലദ്വീപ് ഗോളി ഇംറാന്‍ മുഹമ്മദ് തടുത്തിട്ടപ്പോള്‍ റീബൗണ്ട് ചെയ്ത പന്തില്‍ നിന്ന് ഹോളിചരണ്‍ നര്‍സറെയുടെ ക്രോസ് ഛേത്രി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി.
മിനിറ്റുകള്‍ക്കകം നാരായണ്‍ ദാസിന്റെയും ഛേത്രിയുടെയും ജെജെയുടെയും ഗോളെന്നുറച്ച ഷോട്ടുകളാണ് ഇംറാന്റെ മിടുക്കിനു മുന്നില്‍ വിഫലമായത്. 34ാം മിനിറ്റില്‍ ജെജെ നിറയൊഴിച്ചതോടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. നര്‍സറെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. 36ാം മിനിറ്റില്‍ ഇന്ത്യക്ക് മൂന്നാം ഗോളിനുള്ള സുവര്‍ണാവസരം. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ജെജെ ഹെഡ്ഡറിലൂടെ കൈകമാറിയ പാസ് ഛേത്രി വലയിലേക്ക് തൊടുത്തെങ്കിലും ഗോളി കുത്തിയകറ്റി.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇന്ത്യയെ സ്തബ്ധരാക്കി മാലദ്വീപ് ആദ്യ ഗോള്‍ മടക്കി. കളിയില്‍ അവരുടെ ആദ്യ ഗോള്‍നീക്കം തന്നെ ലക്ഷ്യം കാണുകയായിരുന്നു. രണ്ടാംപകുതിയിലും ഇന്ത്യ ഗോളിനായി ഇരമ്പിക്കളിച്ചു. 66ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയവും ഫൈനല്‍ ബെര്‍ത്തുമുറപ്പാക്കി ജെജെ മൂന്നാം ഗോള്‍ നിക്ഷേപിച്ചു. ഛേത്രി നല്‍കിയ പാസുമായി കുതിച്ച ജെജെ മാലദ്വീപിന്റെ രണ്ടു താരങ്ങളെയും ഗോളിയെയും കബളിപ്പിച്ചാണ് വല ചലിപ്പിച്ചത്.
75ാം മിനിറ്റില്‍ മാലദ്വീപ് രണ്ടാം ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിനൊടുവില്‍ ഹെഡ്ഡറിലൂടെയാണ് അംദാന്‍ അലി സ്‌കോ ര്‍ ചെയ്തത്. ലീഡ് ഒന്നായി ചുരുങ്ങിയെങ്കിലും ഇന്ത്യ പ്രതിരോധത്തിലേക്കു വലിഞ്ഞില്ല. ലീഡുയര്‍ത്താനായി ഇന്ത്യ ചില മികച്ച നീക്കങ്ങള്‍ നടത്തി.
അതസമയം, ശ്രീലങ്കയ്‌ക്കെതിരേ മുഹമ്മദ് ഹശെമി (45ാം മിനിറ്റ്), കനിഷ്‌ക തഹെര്‍ (50), കെയ്ബര്‍ അമാനി (56), അഹ്മദ് അര്‍ശ് ഹതീഫി(78), ഫൈസ ല്‍ ശയേസ്‌തെ (89) എന്നിവരാണ് അഫ്ഗാന്റെ സ്‌കോറര്‍മാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day