|    Oct 22 Sat, 2016 12:47 pm
FLASH NEWS

ജിഷ വധം: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 22nd June 2016 | Posted By: sdq

സ്വന്തം പ്രതിനിധി

പെരുമ്പാവൂര്‍: ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ കോടതി 10 ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യംചെയ്യുന്നതിനും കൂടുതല്‍ തെളിവെടുപ്പിനും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് വി മഞ്ജുവിന്റെ നടപടി.
കസ്റ്റഡി അപേക്ഷയെ പ്രതിഭാഗത്തിനായി കോടതി അനുവദിച്ച അഭിഭാഷകന്‍ എതിര്‍ത്തില്ല. വിശദമായ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനും കൃത്യത്തിന് ഉപയോഗിച്ച ആയുധത്തെപ്പറ്റിയും സംഭവദിവസം ധരിച്ച വസ്ത്രങ്ങളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. കുറ്റകൃത്യം നടന്ന പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലും പ്രതിയുടെ താമസസ്ഥലത്തും ഒളിവില്‍ കഴിഞ്ഞ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതിയുടെ വിലാസം ശരിയാണെന്നു കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അനിവാര്യമാണ്. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാലും പ്രതിയുടെ സുരക്ഷയെ കരുതിയും മുഖംമറച്ച് അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നും പോലിസ് കോടതിയെ അറിയിച്ചു.


തുടര്‍ന്ന് ഈ മാസം 30ന് വൈകീട്ട് 4.30 വരെ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിടുകയായിരുന്നു. വാദിഭാഗത്തിനായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എം നാസര്‍ ഹാജരായി. പോലിസ് കസ്റ്റഡിയില്‍ വിടുന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തനിക്ക് നാട്ടില്‍ പോവണമെന്നായിരുന്നു പ്രതിയുടെ മറുപടി.
ദ്വിഭാഷിയുടെ സഹായത്തോടെയാണ് അമീര്‍ സംസാരിച്ചത്. ഇന്നലെ തുറന്ന കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇത്തവണ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. പകരം കറുത്ത തുണികൊണ്ട് പ്രതിയുടെ മുഖം മറച്ചിരുന്നു. പ്രതിയെ ഉച്ചയ്ക്ക് 12.35ഓടെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചെങ്കിലും പോലിസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതേത്തുടര്‍ന്ന് അവ പൂര്‍ത്തീകരിച്ചു നല്‍കിയ ശേഷമാണ് പ്രതിയെ കോടതിയില്‍ പ്രവേശിപ്പിക്കാനായത്. കസ്റ്റഡിയില്‍ വിട്ട പ്രതിയെ തിരിച്ച് ആലുവ പോലിസ് ക്ലബ്ബിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോയി. വരുംദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കും.
ഇതിനിടെ അമീറുല്‍ ഇസ്‌ലാമിന്റെ സഹോദരന്‍ അബീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയില്‍നിന്നു പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായെന്നാണു സൂചന.
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിക്കു വേണ്ടി ഇന്നലെയും പോലിസ് സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day