|    Oct 23 Sun, 2016 11:38 pm
FLASH NEWS

ജിഷ്ണു, പുഞ്ചിരികൊണ്ട് രോഗത്തെ തോല്‍പിച്ച ‘അര്‍ജുനന്‍’

Published : 25th March 2016 | Posted By: G.A.G

jISHNU-FB

ദുസ്വപ്‌നം കണ്ടോ മറ്റോ ഭയം തോന്നുമ്പോള്‍ ഹൈന്ദവവിശ്വാസികള്‍ മഹാഭാരതത്തിലെ അര്‍ജുനന്റെ പത്തു പേരുകള്‍ – അര്‍ജുനപ്പത്ത് എന്നു പറയും- ചൊല്ലാറുണ്ട്. വില്ലാളി വീരനായ അര്‍ജുനന്റെ പേരു ചൊല്ലിയാല്‍പ്പോലും പേടിമാറുമെന്നാണ് വിശ്വാസം. അര്‍ജുനപ്പത്തിലെ ഏഴാമത്തെ പേരാണ് ജിഷ്ണു.
മാരകരോഗം സ്വന്തം ജീവിതത്തെത്തന്നെ ഒരു പേടിസ്വപ്‌നമാക്കിത്തീര്‍ത്തപ്പോള്‍ തന്റെ പേരിന്റെ അര്‍ഥമറിയാവുന്ന ജിഷ്ണു ഭയന്നില്ല. പകരം ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും കൊണ്ട്് രോഗത്തെ നേരിടുകയായിരുന്നു. മരണം ജിഷ്ണുവിനെ കീഴടക്കിയെങ്കിലും രോഗത്തിന് ഈ ചെറുപ്പക്കാരനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാണ് ശരി.
മരണത്തിന് നാളുകള്‍ മാത്രം മുന്‍പ് രോഗം മൂര്‍ഛിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ, ഇത് തന്റെ രണ്ടാം വീടാണ്, ഇവിടെ നല്ല രസമാണ് എന്നാണ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസിറ്റീവായിരിക്കുന്നതും എപ്പോഴും പുഞ്ചിരിക്കുന്നതും വലിയ വ്യത്യാസങ്ങളുണ്ടാക്കുമെന്ന ആമുഖത്തോടെയായിരുന്നു ആ പോസ്റ്റ്.
jishnu 2

താന്‍ സന്തോഷവാനാണ്. ഉടന്‍ അസുഖം മാറി തിരിച്ചുവരും. ഐസിയുവില്‍ സന്തോഷവനായും ശുഭാപ്തി വിശ്വാസത്തോടെയുമാണ് കഴിയുന്നത്. എപ്പോഴും ചിരിച്ചു കൊണ്ടാണ് താന്‍ ജീവിതത്തെ നേരിട്ടത്. തന്റെ ചിരിച്ചു നില്‍ക്കുന്ന മുഖം ഡോക്ടറില്‍ സന്തോഷം ഉളവാക്കാറുണ്ട്. ദൈവത്തിന്റെ സ്‌നേഹം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു. ദൈവം എന്റെ കൂടെയുണ്ടെന്ന് തോന്നുന്നു- ജിഷ്ണു പോസ്റ്റില്‍ പറയുന്നു.
കലാഭവന്‍ മണി അന്തരിച്ചപ്പോഴും ജിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മണിച്ചേട്ടന്‍ തന്റെ നല്ല സുഹൃത്തായിരുന്നു. എനിക്ക് എപ്പോഴും അദ്ദേഹം പ്രത്യേക പരിഗണന തന്നിരുന്നു. തട്ടുകട ഭക്ഷണം തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. നല്ല ഭക്ഷണം എവിടെ കിട്ടുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. തനിക്ക് വേണ്ടി നല്ല ഭക്ഷണങ്ങള്‍ അദ്ദേഹം എത്തിച്ചു തന്നിരുന്നു. മണിയേട്ടന്റെ കൂടെ ഒരുപാട് നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നും ജിഷ്ണുവിന്റെ പോസ്റ്റില്‍ പറയുന്നു.
രോഗത്തോട് മല്ലിടുമ്പോഴും ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന ജിഷ്ണു  തന്റെ സുഹൃത്തുക്കളോടും ആരാധകരോടും അതുവഴി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ശുഭാപ്തി വിശ്വാസക്കാരനായിരുന്ന ജിഷ്ണു രോഗം കടുത്തപ്പോഴും തനിക്ക് സുഖമാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നാണ് ആരാധകരോട് പറഞ്ഞത്. ഓരോ ഫെയ്‌സ്ബുക്ക് പോസ്്റ്റിലും ജിഷ്ണുവിന്റെ ആത്മധൈര്യം ശുഭാപ്തി വിശ്വാസവും കാണാമായിരുന്നു. രോഗിയാണെന്ന് ഒരിക്കല്‍ പോലും സ്വയം അംഗീകരിച്ചിരുന്നില്ല. തന്റെ ഫെയ്‌സ്ബുക്കില്‍ യാതൊരു മടിയുമില്ലാതെ രോഗവസ്ഥയിലുള്ള ചിരിച്ചു കൊണ്ടുള്ള ഫോട്ടോകള്‍ ജിഷ്ണു പോസ്റ്റ് ചെയ്യുമായിരുന്നു.
മാര്‍ച്ച് എട്ടിനാണ് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ അവസാന പോസ്റ്റിട്ടത്. ലോക വനിതാ ദിനത്തില്‍ ഇട്ട ഈ പോസ്റ്റ് തന്റെ അമ്മയെ പറ്റിയുള്ളതായിരുന്നു.

jishnu-3
തനിക്ക് എന്നും പ്രചോദനമായത് തന്റെ അമ്മയാണെന്ന് പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ വീടിന്റെ നട്ടെല്ല് അമ്മയാണ്. ഇന്ന് ഞാന്‍ എന്താണോ അതിന് പിന്നില്‍ തന്റെ അമ്മയാണ്. അമ്മയുടെ സ്‌നേഹം, സംരക്ഷണം ഇവ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഞാന്‍ ആകില്ലായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല വീട്ടമ്മ എന്റെ അമ്മയാണ്. അമ്മയെ പോലെ ആവാന്‍ ആര്‍ക്കും ആവില്ലെന്നും പോസ്റ്റില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,184 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day