|    Dec 9 Fri, 2016 11:13 am

ജില്ലാ സീനിയര്‍ വോളി; സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാവുന്നു

Published : 2nd December 2016 | Posted By: SMR

വടകര: മേമുണ്ട ഗ്രാമം വോളിബോള്‍ ലഹരിയില്‍. കടത്തനാടന്‍ മണ്ണിന്റെ കളിവീര്യത്തിന്റ തുടിപ്പായി സന്ധ്യയാവുന്നതോടെ ഈ നാട് കൈപന്ത് കളിയുടെ ആവേശത്തിമര്‍പ്പിലമരുകയാണ്. കളിക്കളത്തില്‍ പുത്തന്‍ സ്മാഷുകളും ഗാലറിയില്‍ ആവേശത്തിന്റെ തിരകളുമിളക്കി കാണികളെ മുള്‍മുനയില്‍ നിര്‍ത്തി ഉദയ മേമുണ്ട സംഘടിപ്പിച്ച മൂന്നാമത് ജില്ലാ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പുരോഗമിക്കുന്നു. മേമുണ്ട ഹൈസ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് വോളി മേള നടക്കുന്നത്. വിദൂരങ്ങളില്‍ നിന്നടക്കമുള്ള നൂറ് കണക്കിന് ആളുകളാണ് കളികാണാന്‍ ദിവസേന എത്തിച്ചേരുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ വീറുറ്റ പോരാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ കാണാനായതെന്ന് വോളിബോള്‍ പ്രേമികള്‍ പറയുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ കാണികള്‍ ഓരോ സ്മാഷുകള്‍ക്കും ഹര്‍ഷാരവത്തോടെയുള്ള വരവേല്‍പാണ് നല്‍കുന്നത്. ദേശീയ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് ഉള്‍പ്പെടെ ശക്തമായ നിരയുമായാണ് വിവിധ ക്ലബ്ബുകള്‍ മല്‍സര രംഗത്തുള്ളത്. ഡിസംബറില്‍ ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന പുരുഷ-വനിതാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മല്‍സരങ്ങളില്‍ ഏറെ ശ്രദ്ധേയമായത് സ്ത്രീകളുടെ പങ്കാളിത്തമാണ്. രാത്രിയോടെയാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതെങ്കിലും സ്റ്റേഡിയത്തിന്റെ ഒരു ഭാഗം സ്ത്രീകള്‍ കൈയടക്കി വച്ചിരിക്കുകയാണ്. വോളിബോളിന്റെ ആവേശവും ആരവവും പുരുഷന്‍മാര്‍ക്ക് മാത്രം കുത്തകയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മേമുണ്ടയിലെ സ്ത്രീകള്‍. കളിക്കിടയിലുള്ള സ്മാഷുകള്‍ക്ക് പ്രോല്‍സാഹനം നല്‍കാനും ആര്‍പ്പുവിളിക്കാനും സ്ത്രീകളും തയ്യാറായെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ മേമുണ്ട സ്‌കൂള്‍ ഗ്രൗണ്ടിലെ സ്റ്റേഡിയത്തില്‍ കണ്ടത്. മേമുണ്ടയില്‍ പല തവണയായി നടന്ന വോളിബോള്‍ മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തം വന്നത് ഇത്തവണത്തെ മല്‍സരങ്ങള്‍ക്കാണെന്ന് സംഘാടകരും സാക്ഷ്യപ്പെടുത്തുകയാണ്. കഴിഞ്ഞ 27നായിരുന്നു മേളയുടെ തുടക്കം. 5 ദിവസമായി തുടരുന്ന മല്‍സരങ്ങളില്‍ ഇന്നലെയാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരംഭിച്ചത്. 4ന് മല്‍സരങ്ങള്‍ അവസാനിക്കും. മേളയിലൂടെ ലഭിക്കുന്ന തുക കൊണ്ട് പ്രദേശത്ത് സ്റ്റേഡിയം നിര്‍മിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day