|    Dec 7 Wed, 2016 9:49 pm
FLASH NEWS

ജില്ലാ മെഡിക്കല്‍ ഓഫിസ് പറിച്ചുനടാന്‍ നീക്കം

Published : 1st November 2016 | Posted By: SMR

മാനന്തവാടി: ഏറെക്കാലമായി ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസ് കെട്ടിടത്തിന്റെ അസൗകര്യത്തിന്റെ പേരില്‍ ജില്ലാ ആസ്ഥാനത്തേക്ക് പറിച്ചുനടാന്‍ വീണ്ടും അണിയറ നീക്കം സജീവം. ഏതാനും വര്‍ഷം മുമ്പ് ഇത്തരത്തില്‍ നീക്കം നടന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജില്ലയിലെ പ്രധാന ഓഫിസുകളുടെ ആസ്ഥാനം ഒരു കുടകീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഒരു ജനപ്രതിനിധിയാണ് ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റാന്‍ മുന്‍കൈ എടുക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ഈ ഓഫിസിലെ ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഇതിനുണ്ട്. പുരാവസ്തു വകുപ്പിന് കീഴിലെ സ്ഥലത്തോട് ചേര്‍ന്ന് മറ്റ് വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കില്ലെന്ന കാരണം മറയാക്കിയാണ് ഓഫിസ് മാറ്റാന്‍ ശ്രമിക്കുന്നത്. മാനന്തവാടിയില്‍ തന്നെ സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തി ഓഫിസ് മാറ്റാമെന്നിരിക്കെ 33 കീമീ ദൂരത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. ജില്ലയിലെ സാധാരണക്കാരുടെ ചികില്‍സാ കേന്ദ്രമായ ജില്ലാ ആശുപത്രിയില്‍ എത്തുന്ന ആദിവാസികളും നിര്‍ധനരുമായ രോഗികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചികില്‍സാ നിഷേധം ഉണ്ടായാലും  ജില്ലാ ആശുപത്രിയിലെ പോരായ്മകള്‍ പെട്ടെന്ന് പരിഹാരം കാണുന്നതിനും വിളിപ്പാടകലെയുള്ള ജില്ലാ മെഡിക്കല്‍ ഓഫിസ് പ്രയോജനകരമായിരുന്നു. ഈ അവസരമാണ് പുതിയ നീക്കത്തോടെ ഇല്ലാതാവുക. ഓഫിസ് മാറ്റാനുള്ള നീക്കം കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നിലപാടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വിഷയത്തില്‍ സ്ഥലം എംഎല്‍എ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം നിലവില്‍ ഉണ്ടായിരുന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥലം മാറി പോയതോടെ നാഥനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പകരം 30ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന കണ്ണൂരില്‍ നിന്നുള്ള ഒരു ഡോക്ടര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് ഓഫിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥിരം മെഡിക്കല്‍ ഓഫിസറെ നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day