|    Dec 3 Sat, 2016 3:47 am
FLASH NEWS

ജില്ലാ ഭരണകൂടം ഇടപെട്ടു; കുതിരാന്‍ തുരങ്ക നിര്‍മാണം ഉടന്‍ പുനരാരംഭിക്കും

Published : 1st November 2016 | Posted By: SMR

വടക്കഞ്ചേരി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിലച്ച കുതിരാനിലെ തുരങ്ക നിര്‍മാണ ജോലികള്‍ ഉടന്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. തൃശൂര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഉഗ്രശബ്ദത്തോടെയുള്ള  സ്‌ഫോടനങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു എന്നാരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എഡിഎം  ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കരാര്‍ കമ്പനി അധികൃതരേയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തിയത്. രാത്രി പത്ത് മണിക്കു ശേഷം ടണലിന് സമീപത്ത് നിന്ന് കല്ലുകള്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും കുതിരാന്‍ ക്രഷര്‍ യൂനിറ്റിലെ പൊടി ശല്യം പരിഹരിക്കണമെന്നും അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരത്തിന് നല്‍കിയിട്ടുള്ള പരാതികള്‍ സംബന്ധിച്ച് ബുധനാഴ്ച മുതല്‍ നഷ്ടപരിഹാര നിര്‍ണയം നടത്താനും യോഗത്തില്‍ തീരുമാനമായി. പത്ത് ദിവസത്തിനകം ഇതു സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. തൃശൂര്‍ ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് സി കെ അനന്തകൃഷ്ണന്‍, അസി. തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാബു, പീച്ചി വില്ലേജ് ഒാഫിസര്‍ കെ വി സനല്‍കുമാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സമാന്തരമായി പോവുന്ന രണ്ട് തുരങ്കങ്ങളാണ് കുതിരാന്‍ മല തുരന്ന് നിര്‍മിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സംരഭമാണിത്. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വടക്കഞ്ചേരി  മണ്ണുത്തി ആറുവരിപാതയിലാണ് തുരങ്കം. ഓരോ തുരങ്കത്തിലും മൂന്നുവരി പാതയാണ് നിര്‍മിക്കുന്നത്. പ്രത്യേക യന്ത്രമായ ബൂമറുപയോഗിച്ചാണ് പാറ തുരക്കുന്നത്. കുതിരാന്‍ മലയുടെ 50 മീറ്ററോളം അടിയിലൂടെയാണ് തുരങ്കം കടന്നു പോവുക. പത്ത് മീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയുമാണ് തുരങ്കത്തിനുണ്ടാവുക. നീളം 915 മീറ്ററാണ്. കല്ല് ഇടിയാതിരിക്കാനായി തുരങ്കത്തിനുള്ളില്‍ മുകള്‍ ഭാഗത്തും വശങ്ങളിലും ഇരുമ്പു കമ്പികളും ഇരുമ്പുപാളികളും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കും. രണ്ട് തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ടാവും. തുരങ്കത്തിന്റെ മറുഭാഗമായ വഴുക്കുംപാറയില്‍ പാറ തുരക്കുന്നതിനായി മറ്റൊരു ബൂമറെത്തിക്കും. ഇരുഭാഗത്തു നിന്ന് നടക്കുന്ന തുരങ്ക നിര്‍മാണം മധ്യഭാഗത്തായി കൂട്ടിയോജിക്കും. ഏഴ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 90 കോടി രൂപ ചെലവില്‍ പ്രഗതി ഗ്രൂപ്പാണ് തുരങ്കം നിര്‍മിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day