|    Oct 26 Wed, 2016 10:46 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് വികസനരേഖ; ഉല്‍പാദന-സേവന മേഖലകള്‍ക്ക് തുല്യ പ്രാധാന്യം

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന്റെ ജനകീയത നഷ്ടപ്പെടാതെയുള്ള പദ്ധതി ആസൂത്രണമാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ പഴുതുകളടയ്ക്കാന്‍ ബിനാമി കമ്മിറ്റികളെ ഒഴിവാക്കിയുള്ള സമീപനത്തിലൂടെയാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുപോകുന്നത്. കൃഷിവ്യാപനത്തിന് ജൈവസമൃദ്ധി, വിശപ്പകറ്റാന്‍ പാഥേയം, മഴവെള്ള സംരക്ഷണത്തിന് മഴത്താവളം, കൂടാതെ തണല്‍, രക്ഷ തുടങ്ങി നിരവധി പദ്ധതികളാണ് ഭരണസമിതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതിരേഖയുടെ പ്രകാശനം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. കാഴ്ചശക്തിയില്ലാത്തവര്‍ക്കുള്ള ടോക്കിങ് ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ചേര്‍ന്ന് നിര്‍വഹിച്ചു. 43 യുവാക്കള്‍ക്കാണ് ലാപ്‌ടോപ് നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം അധ്യക്ഷത വഹിച്ചു.
ഉല്‍പാദന-സേവന-പശ്ചാത്തല മേഖലകള്‍ക്ക് തുല്യപ്രാധാന്യം നല്‍കിക്കൊണ്ടും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമായി സംയുക്ത പദ്ധതികള്‍ ഏറ്റെടുത്തുമാണ് ജില്ലാ പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതെന്ന് സെമിനാറില്‍ അവതരിപ്പിച്ച വികസനരേഖ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമേന്‍മയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും. വിദൂര-പിന്നാക്കമേഖലകളുടെ വികസനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും പ്രത്യേക പ്രാധാന്യം നല്‍കും. സേവനമേഖലയില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും.
സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉല്‍പാദനമേഖലയില്‍ കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ കണ്ടെത്തലുകളും സാങ്കേതിക മുന്നേറ്റങ്ങളും കര്‍ഷകരിലെത്തിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴിലാളിക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കാര്‍ഷിക കര്‍മസേനകളുടെ സേവനവും യന്ത്രവത്കൃത സംവിധാനങ്ങളും ലഭ്യമാക്കാനുള്ള കാഴ്ചപ്പാടോടെയാണ് കാര്‍ഷിക സേവനകേന്ദ്രം ആരംഭിക്കുന്നത്. ജില്ലയില്‍ നെല്‍കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും വ്യാപിപ്പിക്കുന്നതിനും ത്രിതല പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യ വിത്ത്, നടീല്‍വസ്തുക്കള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനും നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
പട്ടികജാതിക്കാരുടെ പ്രത്യേക ഘടകപദ്ധതികള്‍ക്കായി 16,86,85,000 രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ മേഖലയ്ക്കായി മുട്ടക്കോഴി വളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, അങ്ങാടി-ഔഷധകൃഷി എന്നീ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം 1,70,45,000 രൂപ വകയിരുത്തിയിട്ടുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷം വയോജനങ്ങളുടെ സംരക്ഷണത്തിനായി വികസനഫണ്ടിന്റെ അഞ്ചു ശതമാനം തുകയും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി വികസനഫണ്ടിന്റെ അഞ്ചു ശതമാനം തുകയും നീക്കിവെക്കുമെന്ന് വികസനരേഖ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day