|    Dec 7 Wed, 2016 9:53 pm
FLASH NEWS

ജില്ലാ ആസ്ഥാനത്തെ നടുക്കിയ സ്‌ഫോടനം

Published : 2nd November 2016 | Posted By: SMR

മലപ്പുറം: ഇന്നലെ മലപ്പുറം സിവില്‍ സ്റ്റേഷനകത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വളപ്പിലുണ്ടായ സ്‌ഫോടനം ജില്ലാ ആസ്ഥാനത്തെ നടുക്കി. മറ്റിടങ്ങളില്‍ നിന്ന് കേട്ടുകേള്‍വിയുള്ള സ്‌ഫോടന വാര്‍ത്തയാണ് ഇന്നലെ ഉച്ചയോടെ മലപ്പുറത്തിന്റെ ഭരണ സിരാ കേന്ദ്രത്തില്‍ നിന്നും വന്നത്. ഉച്ചയോടെ 1.10 ഓടെയാണ് ജില്ലാ ആസ്ഥാനത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. ആളപായമില്ലെങ്കിലും സ്‌ഫോടനം ജില്ലയുടെ സമാധാനന്തരീക്ഷത്തിന് കളങ്കം ചാര്‍ത്തുന്നതായി. ഉഗ്രശബ്ദത്തോടെയാണ് കോടതി വളപ്പില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടന സമയത്ത് ശക്തമായ പുകയും അന്തരീക്ഷത്തിലുയര്‍ന്നു. കോടതി വളപ്പില്‍ നിന്നും 300 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കലക്ടറേറ്റിലേക്കും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. ഉഗ്രശബ്ദം വന്നതോടെ സിവില്‍ സ്‌റ്റേഷനകത്തെ ജീവനക്കാര്‍ എന്തെന്നറിയാതെ പരക്കം പാഞ്ഞു. ഉടന്‍ തന്നെ പോലിസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി. ജില്ലാ ഹോമിയോപതി വിഭാഗത്തിനായി കരാര്‍ അടിസ്ഥാനത്തിലോടുന്ന ഷവര്‍ലെറ്റ് കാറിന് താഴെയാണ് സ്‌ഫോടനം നടന്നത്. കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രാവിലെ ഒമ്പ ത് മണിയോടെയാണ് ഹോമിയോപതി വിഭാഗത്തിന്റെ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തത്. ഇന്നലെ രാവിലെ ഹോമിയോപതി ഡിഎംഒയുടെ നേതൃത്വത്തില്‍ കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഹോമിയോപതി ഓഫിസില്‍ യോഗം നടന്നിരുന്നു. അരീക്കോട് തച്ചണ്ണ ഹോമിയോപതി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഫൗസിയയുടെ കാറും ഈ കാറിനു സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഇവരെയും കൂട്ടി യോഗത്തിനെത്തിയ ഭര്‍ത്താവ് അരീക്കോട് താഴത്തങ്ങാടി സ്വദേശി മുഹമ്മദ് സ്‌ഫോടനം നടക്കുന്ന ഈ സമയം കാറിനകത്തായിരുന്നു. ഉഗ്രശബ്ദം കേട്ട് മുഹമ്മദ് എന്തെന്നറിയാതെ കാറിനു പുറത്തേക്കോടുകയായിരുന്നു. മുഹമ്മദിന്റെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉഗ്രശബ്ദത്തോടുകൂടിയുള്ള സ്‌ഫോടനമാണ് നടന്നതെന്നും ഹോമിയോപതി വിഭാഗത്തിന്റെ കാര്‍ രണ്ടടിയോളം ഉയരത്തില്‍ പൊങ്ങിയതായും മുഹമ്മദ് പറഞ്ഞു. സ്‌ഫോടനം കേട്ട് സിവില്‍സ്‌റ്റേഷനകത്തെ മുഴുവന്‍ ജീവനക്കാരും കോടതിവളപ്പില്‍ തടിച്ചുകൂടി. പോലിസ് ഏറെ കഷ്ടപ്പെട്ടാണ് ഇവരെ സംഭവ സ്ഥലത്ത് നിന്നും മാറ്റിയത്. സ്‌ഫോടനം നടന്ന ഉടനെ തന്നെ മലപ്പുറം പോലിസും ബോംബ് സ്‌ക്വാഡും അഗ്നിശമന സേന വിഭാഗവും സംഭവസ്ഥലത്ത് കുതിച്ചെത്തി. സ്‌ഫോടനം നടന്ന ഇടം പോലിസ് ബാരിക്കേഡ് കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്. നിരവധി ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതി ഉള്‍കൊള്ളുന്ന കെട്ടിടം. ജില്ലാ പിഎസ്‌സി ഓഫിസ്, ലോട്ടറി ഓഫിസ്, ഹോമിയോപതി ഓഫിസ് തുടങ്ങിയ നിരവധി ഓഫിസുകളാണ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെ സ്‌ഫോടനം നടന്നത് ഏറെ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day