|    Oct 25 Tue, 2016 7:03 am
FLASH NEWS

ജില്ലയുടെ നായകരാരെന്ന് ഇന്നറിയാം

Published : 11th November 2015 | Posted By: SMR

കോഴിക്കോട്: ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവ ആരു നയിക്കുമെന്ന് ഇന്നറിയാം. മേയര്‍ സ്ഥാനത്തേക്ക് വി കെ സി മമ്മദ് കോയയുടെയും തോട്ടത്തില്‍ രവീന്ദ്രന്റെയും പേരുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് എകെ ബാലന്റെയും ബാബു പറശ്ശേരിയുടെയും പേരുകളുമാണ്ഉയരുന്നത്. മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്ററെ പരിഗണിക്കണമെന്ന ആവശ്യവും ചിലഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
ഇന്ന് തീരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. 18നാണ് പുതിയ മേയര്‍ സ്ഥാനമേല്‍ക്കേണ്ടത്. ഇത്തവണ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ളവ മുന്നണിക്കകത്ത് തന്നെ വീതിച്ചെടുക്കാനാവും. കഴിഞ്ഞതവണ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി യുഡിഎഫിനായിരുന്നു.
മുന്‍ എംഎല്‍എ വികെസി മമ്മദ് കോയയുടെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് കൂടുതലും ഉയര്‍ന്നു വന്നിരിക്കുന്നത്. 1979ല്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റ്, 1990ല്‍ ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ച ഈ 75കാരന്‍ അരീക്കാട് നിന്നാണ് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ വഹിച്ചിട്ടുള്ള തോട്ടത്തില്‍ രവീന്ദ്രന്‍ അഞ്ച് തവണ കോര്‍പറേഷന്‍ കൗണ്‍സിലില്‍ അംഗമായിട്ടുണ്ട്. ഏതായാലും മേയര്‍, സഭാനേതാവ് പദവികളിലേതെങ്കിലുമൊന്ന് ഇരുവര്‍ക്കും ലഭിച്ചേക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗമായ എ കെ ബാലന്‍ പേരാമ്പ്ര ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ഏരിയാ സെക്രട്ടറിയായിരുന്നു.
മുന്‍ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാബു പറശ്ശേരി ബാലുശ്ശേരിയെയാണ് പ്രതിനിധീകരിക്കുന്നത്. പി ജി ജോര്‍ജ് മാസ്റ്റര്‍ മൊകേരിയില്‍ നിന്നാണ് വിജയിച്ചത്. ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനവും മേയര്‍ പദവിയും സാമുദായിക പരിഗണനകൂടി നോക്കിയായിരിക്കും നിശ്ചയിക്കുക. മേയര്‍ സ്ഥാനം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് നല്‍കിയാല്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷപദവി ഭൂരിപക്ഷ സമുദായത്തിനാവും. അല്ലെങ്കില്‍ നേരെ മറിച്ചും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎം തന്നെ ഏറ്റെടുക്കാനാണ് സാധ്യത. തിരുത്തിയാട്ടുനിന്നുള്ള ടി വി ലളിതപ്രഭയെയോ മുന്‍ മേയര്‍ എം എം പത്മാവതിയെയോ ആയിരിക്കും പരിഗണിക്കുക. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയി വിരമിച്ച ലളിതപ്രഭ മഹിളാ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് വനിതാ കോ-ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്ന് തവണ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്മാവതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ബീരാന്‍ കോയ (ബേപ്പൂര്‍), പി സി രാജന്‍ (ചെറുവണ്ണൂര്‍ നല്ലളം), കെ കൃഷ്ണന്‍ (എലത്തൂര്‍), മുന്‍ കൗണ്‍സിലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായിരുന്ന എം രാധാകൃഷ്ണന്‍, അനിതാരാജന്‍(എന്‍സിപി), സിപിഐ പ്രതിനിധി ആശാ ശശാങ്കന്‍ എന്നിവരെയാവും പരിഗണിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day