|    Oct 23 Sun, 2016 11:44 am
FLASH NEWS

ജില്ലയില്‍ 31 കുഷ്ഠരോഗികള്‍: സമഗ്ര ചര്‍മ്മരോഗപരിശോധന നാളെ മുതല്‍

Published : 1st October 2016 | Posted By: Abbasali tf

കാസര്‍കോട്്: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്കായുള്ള പഞ്ചവല്‍സരപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് സമഗ്ര ചര്‍മ്മരോഗ പരിശോധന പരിപാടി നടത്തും.നിലവില്‍ ജില്ലയില്‍ 31 കുഷ്ഠരോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിക്കും നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ രോഗികള്‍ക്ക് ജില്ലാ ലെപ്രസി യൂനിറ്റിന്റെ നേതൃത്വത്തില്‍ ചികില്‍സ ലഭ്യമാക്കുന്നുണ്ട്. മലമ്പനി, മന്ത് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെയും അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ 10 ലക്ഷം പേരില്‍ ഒരാള്‍ക്കാണ് കുഷ്ഠരോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇത് പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പെരിയയില്‍ നടക്കും. കേന്ദ്രസര്‍വകലാശാല കാംപസില്‍ നിര്‍മാണ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്  ഇതിന്റെ ഭാഗമായി പരിശോധന നടത്തും. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം ഗൗരി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അങ്കണവാടി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളിലും ചര്‍മ്മരോഗ പരിശോധന നടത്തും. ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ വകുപ്പ് ചികില്‍സ സൗജന്യമായി നല്‍കും. നാളെ മുതല്‍ ഈ മാസം എട്ട് വരെ പൂടംകല്ല്, നീലേശ്വരം, പെരിയ ആരോഗ്യ ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും അങ്കണവാടികളിലും ചര്‍മ്മ പരിശോധന നടത്തും. ഒക്‌ടോബര്‍ രണ്ടാം വാരം മെഗാ ക്യാംപ് നടത്തി രോഗമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികില്‍സ നല്‍കും. 2017 മാര്‍ച്ചിനകം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കും. രണ്ടാംഘട്ടത്തില്‍ പട്ടികവര്‍ഗ മേഖല, മൂന്നാം ഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍, നാലാം ഘട്ടത്തില്‍ തീരദേശവാസികള്‍ എന്നിവര്‍ക്കും അനുബന്ധമായി ജില്ലയിലെ മുഴുന്‍ ആളുകള്‍ക്കും ചര്‍മ്മപരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ജില്ലാതല ചുമതലയുള്ള ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.  പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്‌കൂള്‍ ജൂനിയര്‍ നഴ്‌സുമാര്‍, ആശ്രയപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. എ പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എം സി വിമല്‍രാജ്, ഡോ. ഇ മോഹന്‍, ഡോ. ഇ വി ചന്ദ്രമോഹന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ രാമന്‍ സ്വാതി വാമന്‍, ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ കെ കൃഷ്ണപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, പട്ടികവര്‍ഗവികസന ഓഫിസര്‍ കെ ജി വിജയപ്രസാദ്, ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എം മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ വിന്‍സന്റ് ജോര്‍ജ്ജ്, ഐസിഡിഎസ് പ്രൊജക്ട് സീനിയര്‍ സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസിലെ മുഹമ്മദ് കുഞ്ഞി, ഡിഎംഒ ടെക്‌നിക്കല്‍ അസി. എം അബ്ദുല്‍ഖാദര്‍, എസ് ജയ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day