|    Dec 4 Sun, 2016 3:18 am
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 29th November 2016 | Posted By: SMR

കല്‍പ്പറ്റ/സുല്‍ത്താന്‍ ബത്തേരി/ മാനന്തവാടി: നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കാര്യമായി നിരത്തിലിറങ്ങിയത്. മാനന്തവാടി താലൂക്കിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ തടയില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ചെറ്റപ്പാലത്തും കാട്ടിക്കുളത്തും വാഹനങ്ങള്‍ തടഞ്ഞുവച്ചതായി പരാതിയുയര്‍ന്നു. ആറാംമൈല്‍ മൊക്കത്ത് രാവിലെ തുറന്ന കടകള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചെങ്കിലും നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് കടകള്‍ വീണ്ടും തുറപ്പിച്ചു. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇടപാടുകാര്‍ കുറവായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ തോല്‍പ്പെട്ടിയും കുറുവാദ്വീപും തുറന്നു പ്രവര്‍ത്തിച്ചു. സുല്‍ത്താന്‍ ബത്തേരി മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മരുന്നുഷോപ്പുകളും ബാങ്കുകളുമൊഴികെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഉച്ചയോടെ കോഴിക്കോടേക്ക് കാണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ അഞ്ചു കെഎസ്ആര്‍ടിസി ബസ്സുകള്‍ സുല്‍ത്താന്‍ ബത്തേരി ട്രാഫിക് ജങ്ഷനില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. 15 യാത്രക്കാര്‍ക്കായി അഞ്ചു ബസ്സുകള്‍ സര്‍വീസ് നടത്തുന്നു എന്നാരോപിച്ചായിരുന്നു തടഞ്ഞത്. തുടര്‍ന്നു യാത്രക്കാരെയെല്ലാം ഒരു ബസ്സില്‍ കയറ്റി യാത്ര തുടരാന്‍ അനുവദിക്കുകയും മറ്റ് നാലു ബസ്സുകള്‍ ഡിപ്പോയിലേക്ക് തന്നെ മടക്കിവിടുകയും ചെയ്തു. ചരക്കുവാഹനങ്ങളും ഹര്‍ത്താലിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്നു. മേഖലയില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല.പുല്‍പ്പള്ളിയില്‍ ഹര്‍ത്താലനുകൂലികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തു. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം നാലുപേരും ഹര്‍ത്താലനുകൂലികളായ നാലുപേരുമാണ് ആശുപത്രിയിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day