|    Oct 27 Thu, 2016 4:35 pm
FLASH NEWS

ജില്ലയില്‍ വ്യാപക അക്രമം; ഉപ്പളയില്‍ വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം

Published : 10th November 2015 | Posted By: SMR

കാഞ്ഞങ്ങാട്/മഞ്ചേശ്വരം/ ബേക്കല്‍: ഫലപ്രഖ്യാപനത്തിന് ശേഷവും ജില്ലയില്‍ വ്യാപകമായ അക്രമം. ഇതേ തുടര്‍ന്ന് അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നാളെ വരെ കേരള പോലിസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ബേക്കല്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാനോ പ്രകടനം നടത്താനോ രാഷ്ട്രീയ പരിപാടികള്‍ നടത്താനോ മാരകായുധങ്ങള്‍ കൊണ്ടുനടക്കാനോ, വര്‍ഗീയ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കാനോ പാടില്ലെന്ന് പോലിസ് മേധാവി അറിയിച്ചു. കഴിഞ്ഞദിവസം കീഴൂര്‍, കളനാട്, കല്ലൂരാവി, ഉപ്പള, കുബണൂര്‍, ബന്തിയോട്, സീതാംഗോളി പ്രദേശങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ പോലിസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷമുണ്ടായ ഉപ്പളയടക്കമുള്ള പ്രദേശങ്ങള്‍ ജില്ലാ പോലിസ് ചീഫ് സന്ദര്‍ശിച്ച് ക്രമസമാധാനപാലനം വിലയിരുത്തുകയും ചെയ്തിരുന്നു.
ഉപ്പള ബസ്സ്റ്റാന്റ് പരിസരത്ത് ഞായറാഴ്ച രാത്രിയുണ്ടായ ബിജെപി-മുസ്‌ലിംലീഗ് സംഘര്‍ഷത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ ഉപ്പളയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന യു കെ അഷറഫിന്റെ യുകെ ട്രേഡേഴ്‌സ്, അബ്ദുല്‍ കരീമിന്റെ വസ്ത്രാലയം എന്നിവയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച വൈകീട്ട് ഉപ്പള ടൗണില്‍ ബിജെപി പ്രകടനം നടക്കുന്നതിനിടെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപുറപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ കുമ്പള സിഐ സുരേഷ് കുമാറിന്റെയും മഞ്ചേശ്വരം എസ്‌ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം ലാത്തിച്ചാര്‍ജും നടത്തിയെങ്കിലും കുഴപ്പക്കാര്‍ പിരിഞ്ഞുപോയില്ല. ഇതേ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിച്ചാണ് പിരിച്ചുവിട്ടത്. കല്ലേറില്‍ എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ മില്‍ക്കി തോമസ് (40), ഓമനക്കുട്ടന്‍ (41), രവീന്ദ്രന്‍ (42) എന്നിവര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 50 ബിജെപി പ്രവര്‍ത്തകര്‍ക്കും 50 ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ നരഹത്യാശ്രമത്തിന് മഞ്ചേശ്വരം പോലിസ് കേസെടുത്തു. മഞ്ചേശ്വരം എസ്‌ഐ പ്രമോദിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
ബിജെപി പ്രവര്‍ത്തകരായ രാജന്‍, കിഷോര്‍ തുടങ്ങി 50 പേര്‍ക്കെതിരേയും ഉപ്പളയിലെ മുനീര്‍ തുടങ്ങി 50 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. ഇതില്‍ മുനീറിനെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച കളനാടും സംഘര്‍ഷം നടന്നു. ഇവിടെ ഐഎന്‍എല്‍- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബേക്കല്‍ പോലിസ് സ്ഥലത്തെത്തി ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചാണ് കുഴപ്പക്കാരെ വിരട്ടിയോടിച്ചത്. കീഴൂരില്‍ ബിജെപി-ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നു. സീതാംഗോളിയില്‍ ഒരു യുവാവിന് കുത്തേറ്റതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ലീഗ് പ്രവര്‍ത്തകന്‍ റിനാസ്(19) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ റിനാസിനെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരത്ത് തൈക്കടപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അക്രമിച്ചതും സംഘര്‍ഷത്തിന് കാരണമായി. വിവരമറിഞ്ഞ് പോലിസ് സംഘമെത്തി ലാത്തി വീശിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും പിന്തിരിഞ്ഞത്. തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെയും മുസ്‌ലിംലീഗ് ഓഫിസിന് നേരെയും അക്രമം നടന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ ജി സമീറയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തു.
കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപിയെ കഴിഞ്ഞദിവസം രാത്രി കോണ്‍ഗ്രസിലെ ഒരു വിഭാഗം വളഞ്ഞുവച്ച് മര്‍ദിച്ചു. സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ വാഴുന്നോറടി, ബബിന്‍ രാജ് തുടങ്ങിയവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day