|    Dec 3 Sat, 2016 7:57 am
FLASH NEWS

ജില്ലയില്‍ പരമാവധി മഴവെള്ള സംഭരണികള്‍ നിര്‍മിക്കും: മന്ത്രി

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ പരമാവധി മഴവെള്ള സംഭരണികള്‍ നിര്‍മിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വരള്‍ച്ച ഉണ്ടാകുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണു സര്‍ക്കാര്‍ ഓരോ ജില്ലയും പ്രത്യേകമായെടുത്തു കേരളം വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു മുന്നൊരുക്കങ്ങള്‍ നടത്തിയത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴവെള്ളം സംഭരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. 82 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണു തൊഴിലുറപ്പു പദ്ധതിയില്‍ നിലവിലുള്ളത്. മഴക്കുഴി നിര്‍മാണം, മഴവെള്ള സംഭരണം, തടയണകള്‍ നിര്‍മിക്കുക, കുളങ്ങളും കിണറുകളും വൃത്തിയാക്കുകയും ഉപയോഗ യോഗ്യമാക്കുകയും ചെയ്യുക, മഴവെള്ളക്കൊയ്ത്ത്, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, പൊതുകിണറുകളുടെയും കുഴല്‍ക്കിണറുകളുടെയും നിര്‍മാണം, കിണര്‍ റീചാര്‍ജിങ്, പുതിയ കുളങ്ങളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു ഗ്രാമപ്പഞ്ചായത്തുകള്‍ പരമാവധി തൊഴിലുറപ്പ് പദ്ധതിപ്രവര്‍ത്തനം ഉപയോഗപ്പെടുത്തണം. എല്ലാ തോടുകളിലും 500 മീറ്റര്‍ അകലത്തില്‍ തടയണകള്‍ നിര്‍മിച്ചു ജലസംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ദുരിതമനുഭവിക്കുന്നവരെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അതത് ഗ്രാമപ്പഞ്ചായത്തുകള്‍ ഇതിനായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ വരള്‍ച്ച അതിരൂക്ഷമായ ഇടങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേഖലകളില്‍ സുലഭമായി ജലമെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കുകയും വേണം. വരള്‍ച്ച രൂക്ഷമായ ഇടങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള്‍ വഴി വെള്ളമെത്തിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായി മോണിറ്ററിങ് കമ്മിറ്റികള്‍ അടിയന്തരമായി രൂപീകരിക്കും. ബഹുജനങ്ങളുടെ സഹകരണം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണു വരള്‍ച്ചാ നിവാരണത്തിനു സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എമാരായ ഡി കെ മുരളി, കെ ആന്‍സലന്‍, ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, എഡിഎം ജോണ്‍ വി സാമുവല്‍ സംബന്ധിച്ചു.

 

 

സംസ്ഥാനം കടുത്ത ആശങ്കയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടിവരുമെന്ന ആശങ്കയിലാണു സംസ്ഥാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്കു നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രവും ഭാരതസര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാ വ്യതിയാനം- കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. താപനിലയിലെ വര്‍ധന കാരണം സമുദ്രനിരപ്പ്് ഉയരുന്നതു ദീര്‍ഘമായ കടലോരമുള്ള കേരളത്തിനെ സംബന്ധിച്ചു ജീവനും സ്വത്തിനും ഭീഷണിയാണ്. ആവുന്നിടത്തോളം സ്ഥലങ്ങളില്‍ മരം വച്ചുപിടിപ്പിക്കുകയാണ് നമുക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. എല്ലാ വീടുകളിലും മഴക്കുഴികള്‍ ഉണ്ടാവണം. നെല്‍വയലുകള്‍, കുന്നുകള്‍, കുളങ്ങള്‍ ഇവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കണം. ഹരിതകേരളം മിഷന്‍ നാടൊന്നാകെയിറങ്ങുന്ന, എല്ലാവരും ഭാഗഭാക്കാവുന്ന പദ്ധതിയാവണം. നീര്‍ത്തടാധിഷ്ഠിതമായി മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിന് ഒരു ജനകീയ മുന്നേറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ അധ്യക്ഷനായിരുന്നു. ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. എസ് ബാഹുലേയന്‍ തമ്പി, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം ചന്ദ്രദത്തന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day