|    Dec 11 Sun, 2016 7:18 pm
FLASH NEWS

ജില്ലയില്‍ ഒരു ലക്ഷം കിണറുകള്‍ റീചാര്‍ജ് ചെയ്യും

Published : 30th November 2016 | Posted By: SMR

കൊല്ലം: കടുത്ത വരള്‍ച്ചയില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ ജില്ലയില്‍ ഒരു ലക്ഷം കിണറുകള്‍ റീചാര്‍ജ് ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ ആരംഭിക്കുന്ന ഡിസംബര്‍ എട്ട് മുതല്‍ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആയിരം കിണറുകളും തുടര്‍ന്ന് നാല് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ കിണറുകളും റീ ചാര്‍ജ് ചെയ്യുകയാണ് ലക്ഷ്യം.ഹരിതകേരളം മിഷനില്‍ ഉള്‍പ്പെട്ട ജലസുഭിക്ഷ പദ്ധതിയില്‍ ജില്ലയിലെ 11 പഞ്ചായത്തുകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റ് കുടിവെള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കിണര്‍ റീചാര്‍ജിങ് നടപ്പിലാക്കാനാണ് ജില്ലാ ഏകോപന സമിതിയുടെ തീരുമാനം. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് ജലസുഭിക്ഷ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പകുതിയിലേറെ കിണറുകളും വേനല്‍ക്കാലത്ത് വറ്റുന്നവയാണെന്നാണ് കണക്ക്. മേല്‍ക്കൂരകളില്‍ നിന്നും പറമ്പുകളില്‍ നിന്നും ഒഴുകിപ്പോകുന്ന ജലം മഴക്കുഴികളും തടയണകളും നിര്‍മിച്ച് സംഭരിച്ച് ഭൂഗര്‍ഭ ജലസ്രോതസുകളില്‍ എത്തിക്കുകയാണ് ഇതിന് പരിഹാരം. വേനല്‍ക്കാലത്ത് ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവിടുന്ന ഭീമമായ തുകയിലും കുറവുണ്ടാവും. കിണറുകള്‍ക്ക് പുറമേ പൊതുജലാശയങ്ങളായ കുളങ്ങളും ചിറകളും റീ ചാര്‍ജിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വേയിലൂടെയാണ് റീചാര്‍ജ് ചെയ്യേണ്ട കിണറുകള്‍ കണ്ടെത്തുക. വേനല്‍ക്കാലത്ത് സ്ഥിരമായി വറ്റുന്നവയും ഉപ്പുരസം, ഇരുമ്പ്, ഓര് എന്നിവയുടെ ആധിക്യമുള്ളതുമായി കിണറുകളാകും ആദ്യഘട്ടത്തില്‍ റീചാര്‍ജ് ചെയ്യുക. ഗുണഭോക്താക്കളെയും പ്രധാന്യം നല്‍കേണ്ട മേഖലയും കണ്ടത്താന്‍ ജില്ലാ ഏകോപന സമിതി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക