|    Dec 4 Sun, 2016 7:22 am
FLASH NEWS

ജില്ലയിലെ മഴക്കുറവ് വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കും

Published : 1st November 2016 | Posted By: SMR

മാനന്തവാടി: അടുത്ത കാലത്തെങ്ങുമില്ലാത്തവിധം ജില്ലയിലുണ്ടായ മഴക്കുറവ് പടിഞ്ഞാറത്തറ ബാണാസുരഡാമില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തെയും ഹൈഡല്‍ ടൂറിസത്തെയും സാരമായി ബാധിച്ചേക്കും. മുന്‍ വര്‍ഷങ്ങില്‍ ഈ സമയത്ത് നിറഞ്ഞു നില്‍ക്കാറുണ്ടായിരുന്ന ഡാം റിസര്‍വേയറില്‍ വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം തുറന്നു വിടാതിരുന്നിട്ട് പോലും 25 ശതമാനത്തോളം കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പടിഞ്ഞറത്തറ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് കക്കയം യൂനിറ്റില്‍ നിന്നുമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഡാം നിറഞ്ഞുതുടങ്ങുമ്പോള്‍ കക്കയത്തേക്കുള്ള വാള്‍വുകള്‍ തുറന്ന് വിടുകയാണ് പതിവ്. കകക്കയം ഡാമിലും വെള്ളം നിറഞ്ഞാല്‍ മാത്രമെ ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് വെള്ളം തുറന്നു വിടൂ. ഇത്തരത്തില്‍ ചില വര്‍ഷങ്ങളിലൊഴികെ മുന്‍ വര്‍ഷങ്ങളിലെല്ലാം ഡാം ഷട്ടറുകള്‍ തുറക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഡാം റിസര്‍വേയര്‍ ഒരിക്കല്‍ പോലും നിറഞ്ഞിട്ടില്ല. കക്കയം റിസര്‍വേ യര്‍ പ്രദേശത്ത് മോശമില്ലാത്ത മഴ ലഭ്യമായതിനാല്‍ വൈദ്യുതി ഉല്‍പാദനത്തിനായി ബാണാസുരയിലെ വെള്ളം ഉപയോഗിച്ചിട്ടുമില്ല. 5.5 ടി എം സി വെള്ളം ഉപയോഗിച്ച് 220 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഔദ്യോഗിക കണക്ക് പ്രകാരം ബാണാസുരഡാമിലെ വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കറുള്ളത്. എന്നാല്‍ അനൗദ്യോഗികമായി ഇതില്‍ പല മടങ്ങ് വൈദ്യുതി ഉല്‍പാദിപ്പിക്കാറുണ്ടെന്നതാണ് വാസ്തവം. എന്നാല്‍ ഈവര്‍ഷത്തെ സാഹചര്യമനുസരിച്ച് 60 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉല്‍പാദനം ഔദ്യോഗികമായി തന്നെ കുറവ് വരും. 775.6 മീറ്റര്‍ സംഭരണ ശേഷിയുള്ള റിസര്‍വേയറില്‍ കഴിഞ്ഞ ദിവസം772.65 മീറ്റര്‍ വെള്ളമാണുള്ളത്. കക്കയത്ത് വെള്ളം കുറയുകയും വൈദ്യുതി ഉല്‍പാദനത്തിനായി ബാണാസുരയില്‍ നിന്നും വാള്‍വുകള്‍ തുറന്ന് വിടുകയും ചെയ്താല്‍ പൊതുവെ താഴ്ചയില്‍ വിസ്താരം കുറവുള്ള ഡാമില്‍ വെള്ളത്തിന്റെ വന്‍ കുറവ് രേഖപ്പെടും. ഇതോടെ ഡാം റിസര്‍വ്വൊയറിലൂടെയുള്ള ബോട്ട് സവാരിയെയും ടൂറിസത്തെയും സാരമായി ബാധിക്കുകയും ചെയ്യും. നിലവില്‍ മാസത്തില്‍ ശരാശരി അര ലക്ഷത്തോളംപേര്‍ ഡാം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തുന്നുണ്ട്. വെള്ളംകുറയുന്നതോടെ വൈദ്യുതി ഉല്പാദനവും ടൂറിസം വരുമാനവും ഗണ്യമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day