|    Dec 8 Thu, 2016 5:25 pm
FLASH NEWS

ജില്ലയിലെ മണ്ണും മരങ്ങളും;കേന്ദ്രസംഘം സര്‍വേ തുടങ്ങി

Published : 21st October 2016 | Posted By: SMR

മാനന്തവാടി: കേന്ദ്ര വനം സര്‍വേ വിഭാഗം കീഴിലുള്ള സംഘം ജില്ലയിലെ മരങ്ങള്‍, ഭൂമിയുടെ ഘടന, അടിക്കാടുകള്‍ എന്നിവയെക്കുറിച്ച് കണക്കെടുപ്പ് തുടങ്ങി. വനത്തിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലുമായാണ് പഠനം. ജില്ലയില്‍ സാറ്റലൈറ്റ് മാപ്പ് പ്രകാരം 200 കേന്ദ്രങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ സംഘം നേരിട്ടെത്തി പഠനം നടത്തുകയുമാണ്. ഭൂരിഭാഗം കേന്ദ്രങ്ങളും ജനവാസപ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളുമാണ്. ബംഗളൂരു ആസ്ഥാനമായുള്ള കേന്ദ്ര പാരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലുള്ള സര്‍വേ വിഭാഗമാണ് പഠനം നടത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ സര്‍വേ റിപോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും വിശദമായ റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഈ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്‌റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപോര്‍ട്ട് എന്ന പേരില്‍ പഠനറിപോര്‍ട്ട് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുത്ത പ്രദേശത്തുള്ള മരങ്ങളുടെ നീളം, വീതി, ഉയരം എന്നിവയും പുല്‍ത്തകിടി മുതല്‍ ചെറുചെടികള്‍ വരെയുള്ള കണക്കെടുപ്പും പ്രദേശത്തെ മണ്ണിന്റെ സാംപിളും ശേഖരിച്ച് പഠനവിധേയമാക്കും. ജില്ലയില്‍ സര്‍വേക്കായി ഇതര സംസ്ഥനക്കാരുള്‍പ്പെടെ 30ഓളം പേരാണുള്ളത്. പച്ചപ്പ് എന്ന പേരിലുള്ള പരിസ്ഥിതി സര്‍വേ, കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടതല്ലെന്നും മണ്ണിനെയും മരങ്ങളെയും ചെടികളെയും കുറിച്ചുള്ളതാണെന്നും ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ടെക്‌നിക്കല്‍ ഓഫിസര്‍ ബാഹിര്‍ മന്‍സൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല സര്‍വേ. പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day