|    Dec 10 Sat, 2016 11:57 pm

ജില്ലയിലെ ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി

Published : 2nd December 2016 | Posted By: SMR

കോട്ടയം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്നുള്ള ആദ്യ ശമ്പള വിതരണം ജില്ലയിലെ ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. ഇന്നലെ രാവിലെ തന്നെ ട്രഷറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോട്ടയം, പൊന്‍കുന്നം, ചങ്ങനാശ്ശേരി എന്നീ സബ്ട്രഷറികളില്‍ വന്‍ തിരക്കായിരുന്നു രാവിലെ തന്നെ. ചിലയിടങ്ങളില്‍ പ്രതിഷേധവും ഉണ്ടായി. പൊന്‍കുന്നം സബ് ട്രഷറിയില്‍ ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി ആകെ വേണ്ടത് 80 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇന്നലെ എത്തിയത് വെറും ഏഴു ലക്ഷം രൂപ. ഇതോടെ ശമ്പളവും പെന്‍ഷന്‍ തുകയും എങ്ങനെ വിതരണം ചെയ്യണമെന്നറിയാതെ അധികൃതരും ബുദ്ധിമുട്ടി. ഒരാള്‍ക്ക് 2000ല്‍ അധികം രൂപ നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ശമ്പളം വാങ്ങാനെത്തിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം സബ് ട്രഷറിയിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് ഒന്നരക്കോടി രൂപയാണ്. എന്നാല്‍ ആദ്യ ദിനം ലഭിച്ചത് വെറും 30 ലക്ഷം രൂപയായിരുന്നു. ഇതോടെ ശമ്പള വിതരണവും പ്രതിസന്ധിയിലായി. നോട്ട് ആവശ്യത്തിന് ലഭ്യമാവാത്തതിനാല്‍ തുടക്കത്തില്‍ ചില നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു. ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചാണ് പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ ഇതും പലരുടെയും പ്രതിഷേധത്തിന് ഇടയാക്കി. ശമ്പളമായി ലഭിച്ചത് 8000 രൂപയായിരുന്നു. പെന്‍ഷന്‍കാരില്‍ പലര്‍ക്കും ലഭിച്ചത് 5000 രൂപയും. ആറായിരത്തിലധികം പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കോട്ടയം സബ്ട്രഷറിക്കാണ് ആകെ 30 ലക്ഷം അനുവദിച്ചത്. എല്ലാവര്‍ക്കും ഇന്നു തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ആവശ്യത്തിനുള്ള നോട്ട് നല്‍കാതിരുന്നതാണ് ട്രഷറിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. ഇതോടെ വന്‍ പ്രതിസന്ധിയാണ് ഇന്നലെ ഉണ്ടായത്. എന്നാല്‍ തിരക്ക് കണക്കിലെടുത്ത് ട്രഷറി അധികൃതര്‍ നിരവധി തവണ ഡയറക്ടറേറ്റുമായും മന്ത്രി തലത്തിലും നിരവധിത്തവണ ബന്ധപ്പെട്ടതോടെ ഉച്ചയോടെ 85 ലക്ഷം രൂപ അധികമായി അനുവദിച്ചു. ഇങ്ങനെ ലഭിച്ച തുക ഉപയോഗിച്ചാണ് ഉച്ചയോടെ ശമ്പള വിതരണം സാധാരണ ഗതിയിലാക്കിയത്. ഇത്തരത്തില്‍ കോട്ടയം സബ് ട്രഷറിക്കു മാത്രം ആകെ അനുവദിച്ചത് 1.15 കോടി രൂപയായിരുന്നു. തുടക്കത്തില്‍ തുച്ഛമായ തുക നല്‍കി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ലാതെ വന്നതോടെയാണ് ആവശ്യത്തിന് നോട്ട് എത്തിക്കാന്‍ അധികൃതരും തയ്യാറായത്. ആദ്യ ദിനം തന്നെ എണ്ണൂറിലധികം പെന്‍ഷന്‍കാര്‍ എത്തിയിരുന്നു.ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സബ്ട്രഷറിയിലും പെന്‍ഷന്‍ ട്രഷറിയിലും എത്തിയവരില്‍ പലരും നിരാശരായി മടങ്ങി. എങ്കിലും പിന്നീട് പ്രശ്‌നത്തിനു അല്‍പം പരിഹാരമായി. വന്‍തുക ആവശ്യമുള്ള ട്രഷറികളില്‍ പെന്‍ഷനും ശമ്പളത്തിനുമായി ഇന്നലെ എത്തിയത് തുഛമായ തുകമാത്രം.16 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് കേവലം രണ്ടു ലക്ഷം മാത്രം. നീക്കിയിരിപ്പു തുകകൂടിയെടുത്തു ശമ്പളവിതരണം നടത്തണമെന്ന മുകളില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചതോടെ ട്രഷറിയില്‍ ഉണ്ടായിരുന്ന 10 ലക്ഷം കൂടി എടുത്തതിനാല്‍ നഗരസഭയിലേയും ഏതാനും പഞ്ചാത്തുകളിലേയും ശമ്പള വിതരണം നടത്താനായി. മറ്റുള്ളവര്‍ക്കു തുക ലഭിക്കുന്നതിനനുസരിച്ചു ഇനി നല്‍കും. ഒരുകോടി രൂപ ആവശ്യപ്പെട്ട ചങ്ങനാശ്ശേരി പെന്‍ഷന്‍ ട്രഷറിയിലേക്കു രണ്ടു പ്രാവശ്യമായി ലഭിച്ചത് 20 ലക്ഷം രൂപ മാത്രം. രാവിലെതന്നെ 350 പേര്‍ക്കു ഇതിനായി ടോക്കണും നല്‍കിയിരുന്നു. എന്നാല്‍ ഉച്ചയോടെ നൂറുപേര്‍ക്കു വിതരണം കഴിഞ്ഞപ്പോഴേയ്ക്കും ആ പണവും തീര്‍ന്നു. എന്നാല്‍ രണ്ടോടെ 90 ലക്ഷം രൂപ എത്തിയതിനെത്തുടര്‍ന്നു 400 പേര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യാനായി. വിവരം അറിഞ്ഞ്് വീട്ടിലേക്കു മടങ്ങിയ ഏറെ പ്രായമുള്ളവര്‍പോലും പിന്നീട് മടങ്ങിവന്നു പെന്‍ഷന്‍ വാങ്ങി. 4500 ല്‍പ്പരം പേര്‍ക്കാണ് ചങ്ങനാശ്ശേരി പെന്‍ഷന്‍ ട്രഷറിയില്‍ നിന്നു പെന്‍ഷന്‍ വിതരണം ചെയ്യേണ്ടത്. ഇതിനായി ആദ്യ ദിവസംതന്നെ ഒരു കോടി രൂപയോളം വേണ്ടിവരും. കൂടാതെ ആയിരത്തോളം പേര്‍ക്കു മണിഓര്‍ഡറായും പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. 35.1 ലക്ഷം രൂപയാണ് ഇന്നലെമാത്രം ഇത്തരത്തില്‍ വിതരണം ചെയ്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ പൂര്‍ണമായും പെന്‍ഷന്‍ വിതരണം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക