|    Dec 8 Thu, 2016 7:49 pm

ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് 29 വര്‍ഷം; സ്റ്റേഡിയം നിര്‍മാണം നാലുവര്‍ഷം പിന്നിട്ടിട്ടും മന്ദഗതിയില്‍

Published : 30th November 2016 | Posted By: SMR

സാദിഖ് ഉളിയില്‍  

ഇരിട്ടി: ലോക കായികഭൂപടത്തില്‍ മാന്ത്രിക സ്മാഷുകള്‍ കൊണ്ട് ചരിത്രമെഴുതിയ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് ഇന്ന് 29 വര്‍ഷം പൂര്‍ത്തിയാവുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സ് വോളിബോള്‍ ഭൂപടത്തില്‍ ഉയര്‍ത്തിപ്പിടിച്ച ജിമ്മി ജോര്‍ജ് കായികപ്രേമികളുടെ മനസ്സിലെ എക്കാലത്തെയും ജ്വലിക്കുന്ന ഓര്‍മയാണ്.
ഇറ്റലിയിലെ പ്രഫഷനല്‍ വോളിബോള്‍ ക്ലബുകള്‍ക്കു വേണ്ടി കളിക്കവെ 1987 നവംബര്‍ 30നാണ് ജിമ്മി ജോര്‍ജ് അപകടത്തില്‍ മരിച്ചത്. ഇറ്റലിയിലെ ബ്രേഷ പ്രൊവിന്‍ഷലിലെ മോണ്ടിച്ചേരി കാര്‍പെന്‍ഡോളോയില്‍ വൈകീട്ട് ഏഴോടെയുണ്ടായ വാഹനാപകടത്തില്‍ ജിമ്മിയെന്ന വോളിബോള്‍ മാന്ത്രികന്‍ ലോകത്തോട് വിടപറഞ്ഞു. പരിശീലനം കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വരവെ ജിമ്മി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. വോളിബോള്‍ രംഗത്ത് ജിമ്മിയുടെ സംഭാവനകള്‍ വലുതാണ്. ഒരുപക്ഷേ, മറ്റാര്‍ക്കും തിരുത്താന്‍പോലും കഴിയാത്ത പല റെക്കോഡുകളും അകാലത്തില്‍ പൊലിഞ്ഞ ജിമ്മി സ്വന്തം പേരില്‍ കുറിച്ചിരുന്നു.
1955 മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കുടക്കച്ചിറ തറവാട്ടില്‍ ജോര്‍ജ് ജോസഫിന്റെയും മേരി ജോര്‍ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മി ജോര്‍ജ് ജനിച്ചത്. 19ാം വയസ്സില്‍ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിലും 23ാം വയസ്സില്‍ ബാങ്കോക്ക് ഏഷ്യാഡിലും ജിമ്മി ഇന്ത്യക്കു വണ്ടി കളിച്ചിട്ടുണ്ട്. 25ാം വയസ്സില്‍ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ജിമ്മിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. 1985ല്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ജിമ്മി ജോര്‍ജ് ആ വര്‍ഷം സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലമെഡലും നേടിത്തന്നു. അര്‍ജുന അവാര്‍ഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ജിമ്മി ജോര്‍ജായിരുന്നു. 21ാം വയസ്സിലാണ് അദ്ദേഹം അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയത്. 1970 മുതല്‍ 73 വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച ജിമ്മി 73 മുതല്‍ 76 വരെ കേരള യൂനിവേഴ്‌സിറ്റിക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു. 1973-74 സീസണില്‍ കേരള യൂനിവേഴ്‌സിറ്റി ജിമ്മിയുടെ ക്യാപ്റ്റന്‍സി മികവില്‍ നീണ്ട 10 വര്‍ഷത്തിനുശേഷം വീണ്ടും ഇന്റര്‍ യൂനിവേഴ്‌സിറ്റി ജേതാക്കളായി. 1971, 1978, 1985 വര്‍ഷങ്ങളില്‍ ദേശീയ ചാംപ്യന്‍ഷിപ്പിലും ജിമ്മിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 1975ല്‍ പാലായില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ ക്യാപ്റ്റനായിരുന്നു. വോളിബോളിനു പുറമേ നീന്തലിലും ജിമ്മി കഴിവു തെളിയിച്ചിട്ടുണ്ട്. 1971ലും 1972ലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നീന്തല്‍ ചാംപ്യനായിരുന്ന ജിമ്മി ജോര്‍ജ് മികച്ച ചെസ് കളിക്കാരന്‍കൂടിയായിരുന്നു.
നേട്ടങ്ങളുടെ പട്ടിക മാത്രം രാജ്യത്തിനു സമ്മാനിച്ച ജിമ്മിക്കു പക്ഷേ, ജന്മനാടായ പേരാവൂരില്‍ ഉചിതമായ സ്മാരകം ഇനിയും പൂര്‍ത്തിയായിട്ടില്ല. ജിമ്മിയുടെ പേരില്‍ തുണ്ടിയില്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി നാലുവര്‍ഷം പിന്നിട്ടെങ്കിലും പ്രവൃത്തി മന്ദഗതിയില്‍ തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day